തൃശൂർ: മന്ത്രി തോമസ് ചാണ്ടിക്കെതിരെ റവന്യൂമന്ത്രി നടപടി വേണമെന്നാവശ്യപ്പെട്ട സാഹചര്യത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നു മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോപണവിധേയനായ തോമസ് ചാണ്ടിയുടെ രാജി മുഖ്യമന്ത്രി എഴുതിവാങ്ങണം. തോമസ് ചാണ്ടി നിയമലംഘനം നടത്തിയെന്ന റിപ്പോർട്ടിന്മേൽ സർക്കാർ അടയിരിക്കുകയാണ്. ആലപ്പുഴ മാർത്താണ്ഡം കായൽ കൈയേറ്റവുമായി ബന്ധപ്പെട്ടു നടപടിയെടുക്കാത്തതിൽ സ്ഥാപിത താത്പര്യങ്ങൾ ശക്തമാണെന്നും പച്ചയായ നിയമലംഘനമാണു നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭരണം തുടങ്ങി 16 മാസം പിന്നിടുന്പോൾ എൽഡിഎഫ് സർക്കാരിന്റെ മൂന്നാമത്തെ മന്ത്രിയാണു പുറത്തേയ്ക്കു പോകാനൊരുങ്ങുന്നത്. ജില്ലാ കളക്ടറുടെ അന്തിമ റിപ്പോർട്ട് വന്നിട്ടും സർക്കാർ കണ്ണുതുറക്കുന്നില്ല. എന്തിന്റെ പേരിലാണു മന്ത്രിയെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നതെന്നറിയണം. ആദ്യം റിപ്പോർട്ട് പുറത്തുവരട്ടെ എന്നായിരുന്നു സർക്കാരിന്റെ നിലപാട്. എന്നാൽ റിപ്പോർട്ട് ലഭിച്ചു കഴിഞ്ഞപ്പോൾ മന്ത്രിയെ ഏത് വിധേനയും സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും തിരുവഞ്ചൂർ ആരോപിച്ചു.