കോട്ടയം: ശബരിമലയിൽ വിശ്വാസം സംരക്ഷിക്കണമെന്ന ആഹ്വാനവുമായി കെപിസിസി രാഷ്ട്രീയ കാര്യസമിതിയംഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നയിക്കുന്ന ജനകീയ മാർച്ചിന് കോട്ടയത്ത് ആവേശോജ്വല സ്വീകരണം. വഴി നീളെ ജനങ്ങൾ ഒന്നടങ്കം ജനകീയ മാർച്ചിനൊപ്പം ചേരുന്നു.
ഇന്നലെ കോട്ടയത്ത് സമാപിച്ച ജാഥ ഇന്നു രാവിലെ പുറപ്പെട്ടു. രാവിലെ സിഎസ്ഐ റിട്രീറ്റ് സെന്ററിൽ സാമൂഹ്യ സാംസ്കാരിക നേതാക്കളുമായി ജാഥാ ക്യാപ്റ്റൻ സംവദിച്ചു. തുടർന്ന് ഗാന്ധിസ്ക്വയറിൽ നിന്നാണ് പദയാത്ര ആരംഭിച്ചത്.
ഉച്ചയ്ക്ക് 12.30ന് ചിങ്ങവനത്തെ സ്വീകരണത്തിനു ശേഷം വൈകുന്നേരം ആറിന് ചങ്ങനാശേരിയിൽ പൊതുസമ്മേളനത്തോടെ പദയാത്രയുടെ കോട്ടയം ജില്ലയിലെ സ്വീകരണം സമാപിക്കും. നാളെ രാവിലെ ചങ്ങനാശേരിയിൽ നിന്നും പത്തനംതിട്ടയിലേക്ക് ജാഥ പ്രവേശിക്കും. ജനകീയ മാർച്ച് ഇന്നലെ വൈകുന്നരത്തോടെയാണ് ആയിരക്കണക്കിനു പ്രവർത്തകരുടെ അകടന്പടിയോടെ കോട്ടയത്ത് എത്തിയത്. ഇന്നലെ രാവിലെ 11ന് ഏറ്റുമാനൂരിൽ നിന്നാണ് പദയാത്ര ആരംഭിച്ചത്.
വാദ്യമേളങ്ങളുടെ അകന്പടിയോടെ നടന്നു നീങ്ങിയ പദയാത്ര ഉച്ചയോടെ കുമാരനല്ലൂരിലെത്തി. വൈകുന്നേരം നാലോടെ എംസി റോഡിലൂടെ മുന്നോട്ടു നീങ്ങിയ പദയാത്രയിൽ എഐസിസി ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയും അണിചേർന്നു.
തിരുവഞ്ചൂർ രാധാകൃഷ്ണനൊപ്പം ഉമ്മൻചാണ്ടി കൂടി പദയാത്രയിൽ അണിചേർന്നതോടെ പദയാത്ര അംഗങ്ങളുടെ ആവേശം ഇരട്ടിയായി. നാട്ടുകാരുടെ സ്നേഹോഷ്്മളമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി മുന്നോട്ടു നീങ്ങിയ പദയാത്ര നാഗന്പടത്ത് എത്തിയതോടെ ജോസ് കെ.മാണി എംപിയും കേരള കോണ്ഗ്രസ് എം നേതാക്കളും പദയാത്രിയിൽ അണിചേർന്നു.
റോഡ് തിങ്ങി നിറഞ്ഞ ആളുകളുമായി പ്രവർത്തകരുടെ വാനം മുട്ടെ ഉയരുന്ന മുദ്രാവാക്യം വിളികളുടെ അകന്പടിയോടെ വൈകുന്നേരം ആറോടെ തിരുനക്കരയിൽ പദയാത്ര എത്തിയപ്പോൾ ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് ജാഥാ ക്യാപ്റ്റൻ തിരുവഞ്ചൂർ രാധാകൃഷ്ണനേയും ഉമ്മൻചാണ്ടിയേയും ഹാരാർപ്പണം നടത്തി പൊതുസമ്മേള വേദിയിലേക്ക് ആനയിച്ചു.
തുടർന്നു നടന്ന പൊതുസമ്മേളനം ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജോസ് കെ മാണി എംപി, അസീസ് ബഡായി, കുര്യൻ ജോയി, ജോസഫ് വാഴയ്ക്കൻ, ടോമി കല്ലാനി, ലതികാ സുഭാഷ്, ഫിലിപ്പ് ജോസഫ്, ജോസി സെബാസ്റ്റ്യൻ, പി.എസ്.രഘുറാം, ബിജു പുന്നത്താനം, സണ്ണി പാന്പാടി, നഗരസഭ ചെയർപേഴ്സണ് ഡോ.പി.ആർ.സോന യൂജിൻ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
പാർട്ടി അജൻഡ നടപ്പാക്കരുത്: ഉമ്മൻ ചാണ്ടി
കോട്ടയം: ശബരിമല കേസിൽ ഇന്നുണ്ടാകുന്ന കോടതി വിധി പ്രതികൂലമാണെങ്കിൽ അതിനെതിരെ സർക്കാർ നീങ്ങണം. അല്ലാതെ പാർട്ടി അജൻഡ നടപ്പിലാക്കാൻ ശ്രമിക്കരുതെന്ന് മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി പറഞ്ഞു.
കെപിസിസി രാഷ്ട്രീയ കാര്യസമിതിയംഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നയിച്ച ജനകീയ മാർച്ചിന്റെ കോട്ടയം ജില്ലയിലെ മൂന്നാം ദിനത്തിലെ പര്യടനത്തിന്റെ സമാപന സമ്മേളം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മൻചാണ്ടി. വിശ്വാസങ്ങളെ മാർക്സിസ്റ്റ് പാർട്ടി അനാചാരമായിട്ടാണ് കാണുന്നത്. മതങ്ങളിൽ വിശ്വസിക്കാതിരിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും അവർക്കുണ്ട്.എന്നാൽ അതു പോലെ തന്നെ വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാനും അവർക്കു അവകാശമുണ്ടെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
സർക്കാരുകൾ വിശ്വാസത്തിൽ ഇടപെടേണ്ട: തിരുവഞ്ചൂർ
കോട്ടയം: ഗവണ്മെന്റുകൾ വിശ്വാസങ്ങളിൽ ഇടപെടേണ്ട കാര്യമില്ല. അതു സമാധാനപരമായി കടന്നു പൊയ്ക്കോട്ടെന്നു കരുതിയാൽ മതിയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ജനകീയ മാർച്ചിന് കോട്ടയത്തു നൽകിയ സ്വീകരണത്തിനു മറുപടി പറയുകയായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ.
ആർഎസ്എസ് ,ബിജെപി നെതാക്കൾ ശബരിമലയിൽ കയറി ഇറങ്ങുന്പോൾ ശബരിമല തന്ത്രിക്ക് മെറ്റൽ ഡിറ്റക്്ടർ കടന്ന് പരിശോധനയ്ക്ക് വിധേയനായി കടന്നു പോകേണ്ട അവസ്ഥയാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കുറ്റപ്പെടുത്തി.
സിപിഎം എല്ലാ മതങ്ങളെയും ആക്രമിക്കുകയാണ്, കുന്പസാരത്തെ എതിർക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറയേണ്ട ആവശ്യമുണ്ടോ.സ്വവർഗവിവാഹത്തേക്കുറിച്ചും വിവാഹേതര ബന്ധത്തെക്കുറിച്ചുമുള്ള വിധിയെ വളരെ സന്തോഷത്തോടെയാണ് കമ്മ്യൂണിസ്റ്റുകാർ സ്വീകരിച്ചിരിക്കുന്നതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കുറ്റപ്പെടുത്തി.