കോട്ടയം: കോഴിക്കോട്ടുനിന്ന് വധഭീഷണി കത്ത് ലഭിച്ചതിനെത്തുടർന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നൽകിയ പരാതിയിൽ അന്വേഷണം ഇഴയുന്നു.
ഒരാഴ്ച മുന്പ് ഭീഷണിക്കത്ത് ലഭിച്ചതിനെത്തുടർന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിൻ പ്രകാരം കോട്ടയം വെസ്റ്റ് പോലീസ് കേസെടുക്കുകയും തിരുവഞ്ചൂർ രാധാകൃഷ്ണനിൽനിന്നും മൊഴിയെടുക്കുകയും ചെയ്തിരുന്നു.
കൂടാതെ എംഎൽഎയുടെ കോട്ടയം കോടിമതയിലുള്ള വീടിനോടു ചേർന്നു പോലീസ് നിരീക്ഷണവും ഏർപ്പെടുത്തി.
കത്ത് ലഭിച്ചിട്ട് ഒരാഴ്ച പിന്നിട്ടിട്ടും പോലീസ് അന്വേഷണവും ഒന്നുമായിട്ടില്ല. കോഴിക്കോട് പോസ്റ്റ് ഓഫീസിലെയും സമീപത്തെയും സിസിടിവി കാമറ ദൃശ്യങ്ങൾ അടിസ്ഥാനമാക്കി പോലീസ് പരിശോധന നടത്തുമെന്ന് പറഞ്ഞെങ്കിലും പിന്നീട് തുടർ നടപടികളൊന്നുമുണ്ടായില്ല.
സത്യസന്ധമായ പോലീസ് അന്വേഷണം നടന്നാൽ കുറ്റാക്കാരെ കണ്ടുപിടിക്കാമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. പോലീസ് ഇക്കാര്യത്തിൽ ഒളിച്ചുകളിക്കുകയാണെന്നും തിരുവഞ്ചൂർ കുറ്റപ്പെടുത്തി.
തിരുവനന്തപുരത്ത് എംഎംഎ ക്വാർട്ടേഴ്സിലെ വിലാസത്തിലാണു ഒരാഴ്ച മുന്പ് കത്ത് ലഭിച്ചത്. ‘തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ക്യാന്പ്: എംഎൽഎ ക്വാട്ടേഴ്സ്’ എന്നാണു വിലാസം. ഓരോ വാക്കിലും അസഭ്യവും തെറിയും കലർത്തിയുള്ള കുറിപ്പ് കോഴിക്കോട് ശൈലിയിലാണ്.
തിരുവഞ്ചൂർ രാധാകൃഷ്ണനും ഭാര്യയും മക്കളും പത്തുദിവസത്തിനുള്ളിൽ രാജ്യം വിട്ടില്ലെങ്കിൽ വകവരുത്തുമെന്നായിരുന്നു കത്തിലെ ഭീഷണി.
ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്കോ അവരുടെ സംഘത്തിൽപ്പെട്ടവർക്കോ കത്തിനു പിന്നിൽ പങ്കുള്ളതായി സംശയിക്കുന്നതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞിരുന്നു.
പോലീസിന് സ്വാതന്ത്ര്യമില്ല
കത്തിന്റെ ഒറിജിനൽ മുഖ്യമന്ത്രിക്കു നേരിട്ടു നൽകിയിരിക്കുന്ന സാഹചര്യത്തിൽ ഉചിതമായ തീരുമാനം സർക്കാർ സ്വീകരിക്കട്ടെ എന്ന നിലപാടിലാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ.
സത്യസന്ധമായ പൊതുപ്രവർത്തനത്തിന്റെ പേരിൽ തന്നെ വെറുതെയിരുത്താമെന്ന് ആരും കരുതേണ്ടെന്നും ഒരു ഭീഷണിക്കു മുന്നിലും പതറില്ലെന്നും തിരുവഞ്ചൂർ പ്രതികരിച്ചു.
കൃത്യമായ അന്വേഷണം നടത്തിയാൽ കത്തിന്റെ ഉറവിടം കണ്ടെത്താനാകും. കേസന്വേഷണത്തിൽ സ്കോട്ട് ലാൻഡ് യാർഡ് പോലീസിനെപ്പോലെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള കേരള പോലീസിന് ഇതുതെളിയിക്കാൻ കഴിവുണ്ട്. അതിനുള്ള സ്വാതന്ത്ര്യം സർക്കാർ നൽകണമെന്നു മാത്രം.
കോട്ടയം ജില്ലയുടെ താത്ക്കാലിക ചുമതല വഹിക്കുന്ന ആലപ്പുഴ പോലീസ് ചീഫ് ജി. ജയദേവ് തിരുവഞ്ചൂരിനെ ഇന്നലെ ഫോണിൽ വിളിച്ചു കോട്ടയത്തെ വീടിനു പോലീസ് സുരക്ഷ ഏർപ്പെടുത്തണമോയെന്ന് ആരാഞ്ഞിരുന്നു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരിക്കെയാണ് 2012 മേയ് നാലിന് രാത്രി 10ന് ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരൻ വടകര വള്ളിക്കാട്ടുവച്ചു കൊല്ലപ്പെട്ടത്.
പ്രതികളെ അറസ്റ്റു ചെയ്യുന്നതിലും ശിക്ഷ ഉറപ്പാക്കുന്നതിലും തിരുവഞ്ചൂർ എടുത്ത ധീരമായ നിലപാടിൽ പ്രതികൾക്കുള്ള വൈരാഗ്യമായിരിക്കാം ഇതിനു പിന്നിലെന്നു സംശയിക്കുന്നു. പ്രതികളിൽ ഏതാനും പേർ നിലവിൽ ജാമ്യത്തിലാണ്.