കോട്ടയം: ഇല്ലിക്കൽ -തിരുവാർപ്പ് റോഡും കടമുറികളുൾപ്പെടെ യുള്ള ഒറ്റനില കെട്ടിടവും ആറ്റിലേക്കു ഇടിഞ്ഞുതാണു. ഇവിടെ താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ സ്ഥലത്തിന്റെ ബലക്ഷയംകണ്ട് ഇന്നലെ വൈകുന്നേരത്തോടെ മാറ്റിത്താമസിപ്പിച്ചിരുന്നതിനാൽ വൻദുരന്തം ഒഴിവായി. പ്രദേശത്തെ വൈദ്യുതി, റോഡ് ഗതാഗതം താറുമാറായി. ഇന്നലെ രാത്രി 8.30നാണ് സംഭവം. ഇതോടെ ഇല്ലിക്കൽ പ്രദേശം ഭാഗികമായി ഒറ്റപ്പെട്ടു.
നവീകരണം നടന്നുകൊണ്ടിരുന്ന റോഡിന്റെ പകുതി ഭാഗവും കെട്ടിടവും വൈദ്യുതി പോസ്റ്റും സ്ഥിതിചെയ്തിരുന്ന തീരം മീനച്ചിലാറ്റിലേക്കു ഇടിഞ്ഞു വീഴുകയായിരുന്നു.
ഇല്ലിക്കൽ കവല കഴിഞ്ഞുള്ള 50 മീറ്റർ ഭാഗം കഴിഞ്ഞദിവസം ഇടിഞ്ഞു തുടങ്ങിയിരുന്നു. തുടർന്നു ജനങ്ങൾ ജാഗ്രതയെടുത്തതിനാലാണ് വലിയ ദുരന്തം ഒഴിവായത്. 4.25 കോടി രൂപ ചെലവഴിച്ചു നവീകരിക്കുന്ന റോഡാണ് ഇപ്പോൾ ഇടിഞ്ഞു താണിരിക്കുന്നത്.
മീനച്ചിലാറിനോടു ചേർന്നുള്ള റോഡിന്റെ സംരക്ഷണ ഭിത്തി ബലപ്പെടുത്താതെയാണ് മണ്ണിട്ടുയർത്തി മെറ്റൽ മിശ്രിതമിട്ടു നവീകരിച്ചത്.
നെല്ലുകയറ്റി പോകുന്ന ലോറികൾ അടക്കം വലിയ വാഹനങ്ങൾ പതിവായി കടന്നു പോകുന്ന റോഡാണിത്. മണ്ണിട്ടുയർത്തിയപ്പോൾ നിലവിലെ റോഡിന്റെ ഭാരംകൂടി സംരക്ഷണ ഭിത്തിയുടെ അടിയിലൂടെ മണ്ണ് ആറ്റിലേക്ക് ഇടിഞ്ഞതാണ് അപകട കാരണമെന്നു പ്രാഥമിക വിലയിരുത്തൽ.
കഴിഞ്ഞദിവസം റോഡിൽ വലിയ വിള്ളൽ കാണുകയും ഒരു ഭാഗം ഇടിഞ്ഞു താഴുകയും ചെയ്തതിനെത്തുടർന്നു നാട്ടുകാർ മരച്ചില്ല നാട്ടി വാഹനങ്ങൾക്കു അപായ സൂചന നൽകിയിരുന്നു.
റോഡിനോടു ചേർന്നുള്ള കെട്ടിടത്തിൽ പത്തിലധികം ഇതര സംസ്ഥാന തൊഴിലാളികളാണ് താമസിച്ചിരുന്നത്. അപകടം മുന്നിൽക്കണ്ടു ഇവരെ വൈകുന്നേരംതന്നെ ഇവിടെനിന്നു മാറ്റുകയായിരുന്നു. അതിനോടു ചേർന്നുള്ള കടമുറികളും ഇടിഞ്ഞു താണിട്ടുണ്ട്.
പ്രദേശത്തേക്കുള്ള പ്രധാന വൈദ്യുതി പോസ്റ്റും ആറ്റിലേക്കു വീണതിനാൽ സമീപ പ്രദേശങ്ങളിൽ ഇന്നലെ വൈദ്യുതി ബന്ധം ഉണ്ടായിരുന്നില്ല. സംഭവ സ്ഥലത്തു കുമരകം പോലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും എത്തി കയർകെട്ടി സുരക്ഷ ഒരുക്കിയിട്ടുണ്ട്.