ഇടുക്കി ഗവ.എന്‍ജിനീയറിങ് കോളജില്‍ കുത്തേറ്റുമരിച്ച എസ്.എഫ്.ഐ. പ്രവര്ത്തകന് ധീരജിന്റെ വിലാപയാത്ര നടക്കുമ്പോള്‍ തിരുവനന്തപുരം പാറശാലയില്‍ സിപിഎമ്മിന്റെ മെഗാ തിരുവാതിര കളി.
പാര്‍ട്ടി തിരുവനന്തപുരം ജില്ലാസേമ്മളനത്തിനു മുന്നോടിയായാണ് ചൊവ്വാഴ്ച രാവിലെ 501 വനിതകള്‍ പങ്കെടുത്ത കൈകൊട്ടിക്കളി അരങ്ങേറിയത്.
മരണവും വിവാഹവുമുള്‍പ്പെടെയുള്ള ചടങ്ങുകളില്‍ 50 പേര് മാത്രമെന്ന കോവിഡ് മാനദണ്ഡവും പാര്‍ട്ടി ആഘോഷത്തിനു തടസമായില്ല.
പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഉള്‍പ്പെടെ പ്രമുഖനേതാക്കളും പ്രവര്‍ത്തകരും വനിതകളുടെ ചുവടിനു കൈത്താളമിട്ട് തിരുവാതിരകളി ആസ്വദിച്ചു.
അതേ സമയം പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
വ്യക്തി ആരാധന പാര്‍ട്ടി വിലക്കിയിട്ടുണ്ടെങ്കിലും തിരുവാതിരപ്പാട്ടില്‍ നിറഞ്ഞുനിന്നതു പിണറായി സ്തുതി.
പാറശാലയില്‍ നടക്കുന്ന ജില്ലാസമ്മേളനത്തിനു മുന്നോടിയായിട്ടായിരുന്നു മെഗാ തിരുവാതിര. ധീരജിന്റെ വേര്‍പാടില്‍ കണ്ണീരുണങ്ങും മുമ്പേ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതില്‍ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ പ്രതിേഷധമുയര്‍ന്നിട്ടുണ്ട്.
ഔദ്യോഗികനേതൃത്വത്തെ പ്രീണിപ്പിച്ച് ഒരുതവണകൂടി ജില്ലാ സെക്രട്ടറിയാകാനുള്ള ആനാവൂര്‍ നാഗപ്പന്റെ ശ്രമമാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയതെന്നും ആരോപണമുണ്ട്.
‘ഇ.എം.എസ്, എ.കെ.ജി, നായനാരില്നിന്നിന്ന് അച്യുതാനന്ദനും പിണറായിയും,
പിണറായി ഭരണം കരുത്തുറ്റ ഭരണമായി ഭൂലോകത്തെമ്പാടും
കേളികൊട്ടി മാലോകരെല്ലാരും വാഴ്ത്തിപ്പാടി,
ഇന്നീ കേരളം ഭരിച്ചീടും പിണറായി വിജയനെന്ന സഖാവിന്
നൂറുകോടി അഭിവാദ്യങ്ങള്‍,
ഇന്നീ പാര്‍ട്ടി ലോകമെങ്ങും ശോഭീച്ചീടും,
കാരണഭൂതന് പിണറായി വിജയനെന്ന സഖാവുതന്നെ,
എതിരാളികള്‍ കൂട്ടത്തോടെ പീഡിപ്പിച്ച സമയത്തെല്ലാം
അടിപതറാതെ പോരാടിയ ധീരസഖാവാണ്’
എന്നിങ്ങനെയാണു തിരുവാതിരപ്പാട്ടിലെ പിണറായി സ്തുതി.
പാര്‍ട്ടി സെക്രട്ടറി കോടിയേരിയ്ക്ക് പാട്ടില്‍ ഇടമില്ലെന്നതാണ് മറ്റൊരു വസ്തുത. പരാതികള്‍ ഒഴിവാക്കാനെന്നോണം ഇ.എം.എസ്, എ.കെ.ജി, ഇ.കെ. നായനാര്‍, വി.എസ്. അച്യുതാനന്ദന് എന്നീ നേതാക്കള്‍ക്കും ഒറ്റവരിയില്‍ ഇടം നല്‍കിയിട്ടുണ്ട്.
എന്നാല്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ‘പാട്ടിലാക്കാന്‍’ ശ്രമിച്ചിട്ടുമില്ല.
പൂവരണി കെ.വി.പി. നമ്പൂതിരിയാണു പാട്ടെഴുതിയത്. ‘കണ്ണൂരിന് പൊന്‍താരകമല്ലോ, ചെഞ്ചോര പൊന്‍കതിരല്ലോ, നാടിന് നെടുനായകനല്ലോ പി. ജയരാജന് ധീരസഖാവ്’ എന്ന പാട്ട് കണ്ണൂരിലെ പി.ജെ. ആര്‍മി പുറത്തിറക്കിയപ്പോള്‍ അച്ചടക്കവാളോങ്ങിയ സി.പി.എം, പാറശാലയിലെ പിണറായി സ്തുതിക്കു കൈത്താളമിടുകയായിരുന്നു.