കിഴക്കമ്പലം: തിരുവാതിരയിൽ പുതിയ ഗിന്നസ് റിക്കാർഡുമായി കിഴക്കമ്പലം ഗ്രാമം. ഇന്നലെ വൈകിട്ട് 5ന് കിഴക്കമ്പലം കിറ്റക്സ് അപ്പാരൽ മൈതാനത്തു നടന്ന മഹാതിരുവാതിരയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 6582 വനിതകളാണ് കേരളീയ വേഷത്തിൽ ചുവടു വച്ചത്.2015 ഫെബ്രുവരി 2 ന് 5211 വനിതകളെ പങ്കെടുപ്പിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മൈതാനത്തു നടത്തിയ തിരുവാതിര കളിയുടെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.
പ്രമുഖ വ്യവസായ സ്ഥാപനമായ കിറ്റക്സ് ഗ്രൂപ്പ് നേതൃത്വം നൽകുന്ന കിഴക്കമ്പലത്തെ ജനകീയ കൂട്ടായ്മ ട്വന്റി-ട്വന്റിയായിരുന്നു തിരുവാതിരയുടെ മുഖ്യ സംഘാടകർ. ചവറ സാംസ്കാരിക കേന്ദ്രം, പാർവണേന്ദു സ്കൂൾ ഓഫ് തിരുവാതിര എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
എണ്ണൂറിലധികം പേർ അണിനിരക്കുന്ന ഒൻപതു വൃത്തങ്ങളിലായാണ് തിരുവാതിര നർത്തകിമാർ അണിനിരന്നത്. റഷ്യൻ വനിതയായ ഐറിൻ ആന്റനോവയും കേരളീയ വേഷത്തിൽ തിരുവാതിരയിൽ പങ്കാളിയായി. കേരളത്തിന്റെ തനത് കലാരൂപങ്ങളെ സംരക്ഷിക്കുകയും നിലനിർത്തുകയുമാണ് ജനകീയ സംഘനയായ തങ്ങളുടെ ലക്ഷ്യമെന്ന് ട്വന്റി ട്വന്റി ചീഫ് കോ-ഓർഡിനേറ്റർ സാബു.എം.ജേക്കബ് പറഞ്ഞു.