തൃശൂർ: കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷം പുരുഷ പോലീസുകാരുടെ തിരുവാതിരകളികൊണ്ട് വേറിട്ടതായി. സ്ത്രീകൾ കളം നിറയുന്ന തിരുവാതിരക്കളിക്ക് പുരുഷ കേസരികൾ ചുവടു വെച്ചപ്പോൾ കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് ചന്തം കൂടി .
ആഘോഷത്തിന്റെ ഭാഗമായി തിരുവാതിരക്കളി അവതരിപ്പിച്ചത് എസ്സിപിഒ മുതല്‍ എസ്ഐമാര്‍ വരെയുള്ള പുരുഷ പോലീസ് ഉദ്യോഗസ്ഥരായിരുന്നു. ബൂട്ടിട്ട കാലുകൾ തിരുവാതിര കളിയുടെ ലാസ്യ ചൂടുകളിലേക്ക് വഴിമാറി. ലാത്തിയേന്തുന്ന കൈകളിൽ മുദ്രകൾ വിടർന്നു.
എസ്ഐമാരായ ജോബി, സെബി, ജിമ്പിള്‍, സാജന്, ജെയ്സന്, എഎസ്ഐ മാരായ ബാബു, റെജി, ജഗദീഷ്, എസ്സിപിഒ ജാക്സണ് എന്നിവരായിരുന്നു തിരുവാതിരകളിയിലെ പോലീസ് ആൺ പട.
ആഘോഷത്തിന്റെ ഭാഗമായി നാടകം, വടം വലി, കാലാ-കായിക മത്സരങ്ങളും ഒരുക്കിയിരുന്നു.
സിവിൽ പൊലീസ് ഓഫീസർ അഖിൽ ചായക്കൂട്ട് കൊണ്ടൊരുക്കിയ മഹാബലിയുടെ രൂപവും ആഘോഷത്തിന് മാറ്റ് കൂട്ടി. ഡിവൈഎസ്പി സലീഷ് എൻ.ശങ്കരൻ, സിഐ ഇ.ആർയ ബൈജു, എസ്ഐ ഹരോൾഡ് ജോർജ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഓണാഘോഷം.