കോട്ടയം: തിരുവാതുക്കലിൽ വീട് കയറി ആക്രമിച്ച കേസിലെ പ്രതികളെ ഒരാഴ്ചയ്ക്കു ശേഷം പിടികൂടി. അഞ്ചു പ്രതികളിൽ ഒരാളെ നേരത്തേ പിടികൂടിയിരുന്നു. വീട് ആക്രമിക്കുകയും സ്കൂട്ടർ അടിച്ചു തകർക്കുകയും ചെയ്ത കേസിൽ അപ്പനും മകനുമടക്കം നാലു പേരെയാണ് ഇന്നലെ കോട്ടയം വെസ്റ്റ് പോലീസ് പിടികൂടിയത്.
വേളൂർ മാന്താർ പ്ലാപ്പറന്പിൽ അജേഷ് കുമാർ (ഷാജി – 49), മകൻ അക്ഷയ അജേഷ് (മോനായി -20), സഹോദരങ്ങളായ ഇരുത്തിക്കൽപറന്പിൽ റോബിൻ റോയി (സോണപ്പൻ – 24), റോഷൻ റോയി (ജിത്തു -20) എന്നിവരെയാണ് വെസ്റ്റ് സിഐ എം.ജെ. അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 23നു വൈകുന്നേരമാണ് തിരുവാതുക്കൽ മാന്താറ്റിൽ കളത്തൂത്തറ വീട്ടിൽ മെഹബൂബിന്റെ വീടും മുറ്റത്തിരുന്ന സ്കൂട്ടറും സംഘം തല്ലിത്തകർത്തത്. അക്രമം കണ്ട് ഓടിയെത്തിയ അയൽവാസി കാർത്തിക്കിനെ (24) സംഘം ആക്രമിച്ചിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട വേളൂർ ആണ്ടൂർപറന്പിൽ നിധിൻ ഷാജി(21)യെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.