കോട്ടയം: തിരുവാതുക്കലിൽ കൊല്ലപ്പെട്ട ദമ്പതികളുടെ സംസ്കാരം നടത്തി. ശ്രീവത്സം വീട്ടിൽ ടി.കെ. വിജയകുമാർ (70), ഭാര്യ ഡോ. മീര (67) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ സംസ്കരിച്ചത്. തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിലും വീട്ടിലും മൃതദേഹങ്ങൾ പൊതുദർശനത്തിന് വച്ചിരുന്നു.
മന്ത്രി വി.എൻ. വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ എന്നിവർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു. ഓഡിറ്റോറിയത്തിലും വീട്ടിലുമായി സമൂഹ്യ രാഷ്ട്രീയ രംഗത്തുള്ളവരും ജീവനക്കാരും അന്തിമോപചാരം അർപ്പിക്കാനെത്തി.
യുഎസിലുള്ള മകൾ ഗായത്രി കഴിഞ്ഞ ദിവസം നാട്ടിലെത്തിയിരുന്നു. വിജയകുമാറിനെയും ഭാര്യ മീരയെയും മുൻ ജീവനക്കാരനായ ആസാം സ്വദേശി അമിത് ഉറാംഗ് കോടാലിക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മകൻ ഗൗതം അന്ത്യവിശ്രമം കൊള്ളുന്നയിടത്തിന് സമീപത്തായാണ് ഇരുവർക്കും അന്ത്യവിശ്രമം. മകൾ ഡോ. ഗായത്രി, വിജയകുമാറിന്റെ സഹോദരൻ വിശ്വനാഥൻ എന്നിവർ ചേർന്ന് ചിതയ്ക്ക് തീകൊളുത്തി മൃതദേഹങ്ങൾ വീട്ടുവളപ്പിൽ സംസ്കരിച്ചു.