കോട്ടയം: ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കല്‍ ശ്രീവത്സം ടി.കെ. വിജയകുമാര്‍ (64), ഭാര്യ ഡോ. മീര (60) എന്നിവരെ കൊലപ്പെടുത്തിയ പ്രതി ഇവരുടെ മുന്‍ ജോലിക്കാരനായ ആസാം ദിബ്രുഗ്രാ ജില്ലയില്‍ പിതാഗുട്ടി ടീ എസ്റ്റേറ്റില്‍ ജൗര ഉറംഗിന്റെ മകന് അമിത് ഉറംഗി (24)നെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വിശദമായ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷം ഇന്നലെ ഉച്ചകഴിഞ്ഞു കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മേയ് എട്ടു വരെയാണു കോടതി റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടില്‍ കയറി കൊലനടത്തിയശേഷം ഒളിവില്‍പ്പോയ അമിതിനെ തൃശൂര്‍ മാള ആലത്തൂരില്നിന്നുമാണ് പോലീസ് പിടികൂടിയത്. ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിലും പിന്നീട് ശ്രീവത്സം വീട്ടിലും ജോലിക്കുനിന്നിരുന്ന ഇയാള്‍ വിജയകുമാറിന്റെ ഫോണ്‍ മോഷ്ടിച്ച് ഓണ്‍ലൈനിലൂടെ 2,78,000 രൂപ തട്ടിയെടുത്തിരുന്നു.
കേസിനെത്തുടര്‍ന്ന് അമിത് ജയിലിലായി. ഭാര്യയാണെന്ന വ്യാജേന ആസാമില്‍നിന്നുള്ള ഒരു പെണ്‍കുട്ടിയെ അമിത് കൂടെ പാര്‍പ്പിച്ചിരുന്നു. ഇതില്‍ അസ്വാഭാവികത കണ്ടതിനാല്‍ യുവതിയെ വിജയകുമാര്‍ നാട്ടിലേക്ക് മടക്കി അയച്ചിരുന്നു. ഈ രണ്ടു സംഭവത്തിലുമുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തിലെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കൃത്യത്തിനുശേഷം അമിത് ഉറാംഗ് ശ്രീവത്സം വീട്ടില്‍നിന്നു തെളിവ് നശിപ്പിക്കാന്‍ ഊരിയെടുത്ത സിസിടിവി ഹാര്‍ഡ് ഡിസ്ക് സമീപത്തെ തോട്ടില്‍ എറിഞ്ഞുകളയാന്‍ നടന്നു പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്.
പ്രതി കൊലപാതകശേഷം ശ്രീവത്സം വീട്ടില്‍നിന്നു തിരികെ ഇറങ്ങിയത് 3.30നു ശേഷമാണ്. കൊല നടത്താന്‍ പ്രതി പോയതും മടങ്ങിയതും ഒരേ റോഡിലൂടെയാണ്. രാത്രി 12.30ന് ശേഷമാണ് അമിത് കൊലപാതകം നടത്താന്‍ വീട്ടിലേക്ക് കയറിയതെന്നും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
വിജയകുമാറിനെ മാത്രം കൊലപ്പെടുത്താനാണ് അമിത് തീരുമാനിച്ചത്. വിജയകുമാറിനെ നെഞ്ചില്‍ കയറിനിന്നു കോടാലിക്ക് തലയില്‍ ഒട്ടേറെത്തവണ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തെളിവ് നശിപ്പിക്കാന്‍ തൊട്ടടുത്ത മുറിയില്‍ ഉറക്കത്തിലായിരുന്ന ഭാര്യ മീരയെയും വെട്ടിക്കൊലപ്പെടുത്തി. കൊലയ്ക്കുശേഷം കോടാലി മീരയുടെ മൃതദേഹത്തിനു സമീപംവച്ചു.
ഫോണ്‍ മോഷ്ടിച്ച് ഓണ്‍ലൈനില്‍ അപഹരിച്ച പണം തിരികെ നല്‍കാമെന്ന് പറഞ്ഞിട്ടും കേസ് പിന്‍വലിക്കാന്‍ വിജയകുമാര്‍ തയാറായില്ല. ആറു മാസം കോട്ടയം ജില്ലാ ജയിലിലായതിനാല്‍ കൂടെ പാര്‍ത്തിരുന്ന യുവതിയെ ഗര്‍ഭാവസ്ഥയില്‍ പരിചരിക്കാന്‍ കഴിഞ്ഞില്ല, വിജയകുമാര്‍ തന്നോടു മനുഷ്യത്വമില്ലാതെയാണ് പെരുമാറിയിരുന്നതെന്നും പലതവണ ശമ്പളം വൈകിച്ച സാഹചര്യത്തിലാണ് മൊബൈല്‍ മോഷ്ടിച്ചതെന്നും അമിത് പോലീസിനോടു പറഞ്ഞു.
വിജയകുമാറിന്റെ ഫോണിലുണ്ടായിരുന്ന സിം കാര്‍ഡ് അമിത് സ്വന്തം മൊബൈലിലേക്ക് മാറ്റി ഗൂഗിള്‍ പേ സംവിധാനം ഇന്‍സ്റ്റാള്‍ ചെയ്തു. വിജയകുമാറിന്റെ നമ്പര്‍ ലിങ്ക് ചെയ്തിരുന്ന വിവിധ ബാങ്ക് അക്കൗണ്ടുകളില്‍നിന്നായി 2,78,000 രൂപ സ്വന്തം അക്കൗണ്ടിലേക്കു മാറ്റി.
ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിലെ ക്ലീനറായിരിക്കെ വിജയകുമാറിന്റെ ബാങ്ക് ഇടപാടുകള്‍ നടത്തിയിട്ടുള്ളതിനാല്‍ അക്കൗണ്ട് സംബന്ധിച്ച പിന് നമ്പറുകളും മറ്റും അമിതിന് അറിയാമായിരുന്നു. പണാപഹരണത്തില്‍ പിടിയിലായതോടെ മോഷ്ടിച്ച തുക തിരികെ കൊടുത്ത് രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും പോലീസ് കേസുള്ളതിനാല്‍ പണം തിരികെ ട്രാന്‍സ്ഫര്‍ ചെയ്യാനാകില്ലെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.
ഇതോടെ ജയിലില്‍നിന്ന് ഇറങ്ങിയശേഷം പണം തിരികെ നല്‍കാമെന്നും കേസ് പിന്‍വലിക്കണമെന്നും വിജയകുമാറിനോട് അമിത് ഫോണിലൂടെ ആവശ്യപ്പെട്ടു. വിജയകുമാര്‍ ഇത് നിഷേധിച്ചതോടെയാണ് കൊല ചെയ്യാന്‍ തീരുമാനിച്ചത്. ഈ മാസം രണ്ടിന് ജയിലില്‍നിന്ന് ജാമ്യത്തിലിറങ്ങിയ അമിത് കുമളിയില്‍ തട്ടുകടയില്‍ ജോലി ചെയ്യുകയായിരുന്നു. അവിടെനിന്ന് എത്തിയാണ് കോട്ടയം റെയില്‍വേ സ്റ്റേഷനുസമീപം ലോഡ്ജില്‍ മുറിയെടുത്തതും തിരുവാതുക്കലെത്തി ഇരുവരെയും കൊല ചെയ്തതും.