കോട്ടയം: തിരുവാതുക്കലിലെ ദമ്പതികളുടെ കൊലപാതകക്കേസിലെ പ്രതി കസ്റ്റഡിയിലെന്ന് സൂചന. വ്യവസായി വിജയ കുമാറിനേയും ഭാര്യ മീരയേയുമാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ ആസാം സ്വദേശിയായ യുവാവ് കസ്റ്റഡിയിലായെന്നാണ് സൂചന. ഇയാൾ ഈ വീട്ടിലെ ജോലിക്കാരനായിരുന്നു. വീട്ടിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചതിനെ തുടർന്ന് ഇയാളെ പറഞ്ഞുവിട്ടിരുന്നു.
നഗരത്തിൽ പ്രവര്ത്തിക്കുന്ന ഇന്ദ്രപ്രസ്ഥം എന്ന ഓഡിറ്റോറിയവും മറ്റു ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയായ പ്രമുഖ വ്യവസായിയാണ് മരിച്ച വിജയകുമാര്. എഴു വർഷങ്ങൾക്ക് മുമ്പ് വിജയകുമാറിന്റെ മകൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു.
ഈ കേസ് സിബിഐ അന്വേഷിക്കുന്നതിനിടെയാണ് വിജയകുമാറും ഭാര്യയും കൊല്ലപ്പെടുന്നത്. ഇരു കേസുകളും തമ്മിൽ ബന്ധമുണ്ടോ എന്നറിയാൻ സിബിഐ സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്.
അതേസമയം വിജയകുമാറിന്റെ വീട്ടിലെ കിണർ വറ്റിച്ച് പരിശോധന നടത്താനുള്ള നീക്കത്തിലാണ് പോലീസ്. സിസിടിവി ഡിവിആർ അടക്കം കണ്ടെത്താനുള്ള തെരച്ചിലിന്റെ ഭാഗമായാണ് പരിശോധന.
കിണറിന്റെ പരിസരത്ത് പ്രതി എത്തിയതിന്റെ ലക്ഷണങ്ങൾ പോലീസിന് ലഭിച്ചിരുന്നു. കാൽപ്പാടുകളും പേപ്പറുകളും കിണറിനരികിൽ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു.