കോട്ടയം: തിരുവാതുക്കൽ ടൗണ്‍ ഹാളിലെ ഗോഡൗണിൽനിന്ന് ദുരിതാശ്വാസ സാമഗ്രികൾ കടത്താൻ ശ്രമിച്ച സംഭവത്തെ തുടർന്ന് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ മാറ്റി. പകരം ജീവനക്കാരെ നിയോഗിച്ചു. ഗോഡൗണ്‍ ചുമതലയും കൈമാറി.
ഗോഡൗണിലെ സാമഗ്രികൾ എത്രയും പെട്ടെന്ന് നീക്കണമെന്നും വില്ലേജ് ജീവനക്കാർക്ക് നിർദേശം നല്കി. രണ്ടു ദിവസത്തിനകം ഗോഡൗണ്‍ കാലിയാക്കണമെന്നാണ് നിർദേശം. ദുരിതാശ്വാസ സാമഗ്രികൾ മോഷ്ടിച്ചുവെന്നതിന്റെ പേരിൽ ഏറെ പഴികേട്ട സാഹചര്യത്തിലാണ് ഗോഡൗണ്‍ എത്രയും വേഗം അടച്ചു പൂട്ടാൻ നിർദേശമുള്ളത്.
തഹസിൽദാർ പോലീസിന് പരാതി നല്‍കിയെങ്കിലും കേസെടുക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് വെസ്റ്റ് എസ്എച്ച്ഒ നിർമൽ ബോസ് വ്യക്തമാക്കി. സംഭവത്തിൽ പോലീസ് ശ്രദ്ധിക്കണമെന്നേ പരാതിയിൽ പറഞ്ഞിട്ടുള്ളുവെന്നാണ് പോലീസ് പറയുന്നത്.
അതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. തഹസിൽദാരുടെ പരാതിയെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. ദുരിതാശ്വാസ സാമഗ്രികൾ ഇറക്കി വച്ച ജീവനക്കാർ തന്നെയാണ് സാധനങ്ങൾ കടത്താൻ ശ്രമിച്ചതെന്ന് തഹസിൽദാർ കഴിഞ്ഞദിവസം ജില്ലാ കളക്ടർക്ക് നല്കിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
പോലീസിന് നൽകിയ പരാതിയിലും ഇക്കാര്യമാണു പറഞ്ഞിട്ടുള്ളത്. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ നടത്തി വരുന്ന അന്വേഷണം പൂർത്തിയായിട്ടില്ല. അന്വേഷണം പൂർത്തിയാക്കി കളക്ടർക്ക് റിപ്പോർട്ട് നല്‍കുമെന്ന് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.
ശനിയാഴ്ച വൈകുന്നേരമാണു തിരുവാതുക്കൽ ടൗണ്‍ ഹാളിൽ പ്രവർത്തിക്കുന്ന ഗോഡൗണിൽ ദുരിതം അനുഭവിക്കുന്നവർക്ക് വിതരണം ചെയ്യാനുള്ള സാമഗ്രികൾ എത്തിയത്. ഇത് ഗോഡൗണിൽ ഇറക്കി വാതിൽ അടച്ചുപോയശേഷം ഇതിൽ ചിലർ തിരികെ വന്നു സാധനങ്ങൾ കടത്തുകയായിരുന്നുവെന്ന് തഹസിൽദാർ പറയുന്നു.
സംഭവമറിഞ്ഞ് തഹസിൽദാർ എത്തിയപ്പോൾ ഗോഡൗണിനു മുന്നിലെ ബഞ്ചിൽ ചില സാധനങ്ങൾ ഇരിപ്പുണ്ടായിരുന്നു. ഇത് ജീവനക്കാരിൽ നിന്ന് നാട്ടുകാർ പിടികൂടിയതായിരുന്നു.