തിരുവല്ല: കണ്ടക്ടർമാരുടെ അഭാവത്തിൽ കെഎസ്ആർടിസി തിരുവല്ല ഡിപ്പോയിൽ നിന്നുള്ള ഷെഡ്യൂളുകൾ താളംതെറ്റുന്നു.കോടതി ഉത്തരവിനെത്തുടര്‍ന്ന് എംപാനലുകാരെ പിരിച്ചു വിട്ടതിനു പകരമായി തിരുവല്ലയിലേക്കു നിയോഗിച്ച 60 കണ്ടക്ടർമാരിൽ 51 പേരും മറ്റു ഡിപ്പോകളിലേക്കു മടങ്ങുകയായിരുന്നു.
ആകെയുള്ള ഷെഡ്യൂളുകളില്‍ 15 ശതമാനം കുറവേ വന്നിട്ടുള്ളൂവെന്നാണ് ഡിപ്പോ അധികൃതര്‍ അവകാശപ്പെടുന്നതെങ്കിലും യാത്രാക്ലേശം ഓരോദിവസവും രൂക്ഷമാകുകയാണ്. ഷെഡ്യൂളുകൾ പുനഃക്രമീകരിച്ചാണ് കെഎസ്ആർടിസി സർവീസുകൾ നടത്തുന്നത്. ദീർഘദൂര സർവീസുകൾ മുടങ്ങുന്നില്ലെങ്കിലും ചെയിൻസർവീസുകളെയാണ് സർവീസ് മുടക്കം സാരമായി ബാധിച്ചിരിക്കുന്നത്.
ഇതേ സമയം പകരം കണ്ടക്ടര്‍മാരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നിന്നും എടുക്കാന്‍ സര്‍ക്കാര്‍ നിർദേശമുള്ളതായും സൂചനയുണ്ട്.പക്ഷേ കോടതിയുടെ നിര്‍ദേശാനുസരണം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുതിയ കണ്ടക്ടര്‍മാര്‍ എത്തിച്ചേരാന്‍ മാസങ്ങളെടുക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഷെഡ്യൂളുകള്‍ പലതും വെട്ടിക്കുറച്ചതോടെ തിരുവല്ല ഡിപ്പോയുടെ വരുമാനത്തില്‍ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.
ഒരു ലക്ഷത്തിലധികം രൂപയുടെ കുറവാണ് പ്രതിദിനം തിരുവല്ലയില്‍ മാത്രം ഉണ്ടാകുന്നത്. വരും ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന് ഡിപ്പോ അധികൃതര്‍ തന്നെ വെളിപ്പെടുത്തി. ഇന്നലെ 14 ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചതായി എടിഒ ബിജു പറഞ്ഞു. താത്കാലിക ജോലി ക്രമീകരണത്തില്‍ 60 കണ്ടക്ടര്‍മാരെ കൊട്ടാരക്കര ഡിപ്പോയില്‍ നിന്നാണ് തിരുവല്ലയ്ക്ക് വിട്ടുകിട്ടിയത്.
75 ദിവസത്തെ ജോലി പൂര്‍ത്തിയാക്കി അതില്‍ 51 പേര് കഴിഞ്ഞ ദിവസം മടങ്ങി. 138 കണ്ടക്ടര്‍മാര്‍ വേണ്ടിടത്ത് 50 പേരുടെ കുറവാണ് ഡിപ്പോയില്‍ അനുഭവപ്പെടുന്നത്. ആവശ്യത്തിന് ഡ്രൈവര്‍മാരുമില്ല. ഡ്രൈവര്‍ ക്ഷാമം വലിയ പ്രതിസന്ധിയുണ്ടാക്കിയിട്ടില്ലെന്ന് ജീവനക്കാര്‍ പറയുന്നു. തിരുവല്ലയില്‍ നിന്നാണ് മല്ലപ്പള്ളി സബ് ഡിപ്പോയ്ക്ക് 15 കണ്ടക്ടർമാരെ നല്‍കേണ്ടത്. ഏഴുപേരെ മാത്രമേ മല്ലപ്പള്ളിയിലേക്ക് നൽകാൻ കഴിഞ്ഞിട്ടുള്ളൂ.