തിരുവല്ല: നഗരത്തിലെ തെരുവുവിളക്കുകള്‍ പ്രകാശിക്കാതായിട്ട് മാസങ്ങളാകുന്നു. വ്യാപാര സ്ഥാപനങ്ങളിലെ വിളക്ക് അണഞ്ഞാല്‍ നഗരത്തില്‍ കാണുന്ന ഏക വെളിച്ചം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്ഡിനുമുന്നിലുള്ള പൊക്ക വിളക്കിന്റെ പ്രകാശം മാത്രം.
തെരുവുവിളക്കുകള്‍ കേടായതു നന്നാക്കാന്‍ സ്ഥിരമായി നഗരസഭയില്‍ ആളില്ല. കരാര്‍ അടിസ്ഥാനത്തില്‍ തെരുവുവിളക്കുകള്‍ നന്നാക്കിയവര്‍ക്ക് പണം നല്‍കാത്തതിനെ തുടര്‍ന്ന് അവര്‍ പണി ഉപേക്ഷിച്ചു പോയി. നഗരസഭയുടെ തെരുവുവിളക്കുകള്‍ മാറ്റി സ്ഥാപിച്ചാലും ഒരു മാസം പോലും പ്രവര്‍ത്തിക്കാറില്ല. മിക്കപ്പോഴും നിലവാരം കുറഞ്ഞതും മുന്തിയ കമ്പനികളുടെ പേരിലുള്ളതുമായ വ്യാജ വിളക്കുകളാണ് പലയിടത്തും സ്ഥാപിച്ചിട്ടുള്ളതെന്ന് വ്യാപകമായ ആക്ഷേപം ഉണ്ട്.
ഇടക്കാലത്ത് നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായി തെരുവുവിളക്കുകള്‍ സ്ഥാപിച്ച് പരസ്യം പ്രദര്‍ശിപ്പിക്കാന്‍ ഒരു നേതാവിന്റെ ബന്ധുവിന് നഗരസഭ അനുമതി നല്‍കിയിരുന്നു. ഇതേത്തുടർന്ന് കുറച്ചുനാള്‍ മഴുവങ്ങാടുചിറ മുതല്‍ രാമന്‍ചിറ വരെ തെരുവുവിളക്കുകള്‍ സ്ഥാപിച്ചു.
എന്നാല്‍ ലൈറ്റുകള്‍ കത്തിയില്ലെങ്കിലും നഗരത്തില്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടതും സ്വകാര്യവ്യക്തിക്ക് നേട്ടമുണ്ടായതും മാത്രമാണ് നേട്ടമെന്നും ആരോപണമുയർന്നു.