തിരുവല്ല: പത്തനംതിട്ട ജില്ലയുടെ ഏക റെയിൽവേ സ്റ്റേഷനാണ് തിരുവല്ല. ഏഴ് കിലോമീറ്ററോളം മാത്രമാണ് പത്തനംതിട്ട ജില്ലയിൽ റെയിൽവേ ലൈനുള്ളത്. ഇതിൽ ഉൾപ്പെടുന്ന സ്റ്റേഷനായ തിരുവല്ല റെയിൽവേയുടെ എ ക്ലാസ് പട്ടികയിലാണ്. യാത്രാവരുമാനത്തിൽ തിരുവല്ല മുന്നിലാണ്. ചരക്കുഗതാഗതത്തിലും തിരുവല്ലയ്ക്ക് പ്രധാന്യമുണ്ടായിരുന്നു. എന്നാൽ സമീപകാലത്തുണ്ടായ ചില പ്രശ്നങ്ങളിൽ കുടുങ്ങി തിരുവല്ലയിലേക്ക് ഇന്ന് ചരക്ക് തീവണ്ടി എത്തുക അപൂർവമായി.
കഴിഞ്ഞ പത്തുവർഷമായി പത്തനംതിട്ടയെ പ്രതിനിധീകരിക്കുന്ന ആന്റോ ആന്റണിയുടെ സജീവമായ ഇടപെടൽ തിരുവല്ല റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ടുണ്ടായിട്ടുണ്ട്. തുടർന്നും സ്റ്റേഷൻ വികസനം പ്രഥമ പരിഗണനയിലുണ്ടാകുമെന്ന് എംപി വ്യക്തമാക്കി കഴിഞ്ഞു.കന്യാകുമാരി – ദിബ്രുഗഡ്, കൊച്ചുവേളി – ഡെറാഡൂണ്, തിരുവനന്തപുരം – നിസാമുദീൻ വീക്ക്ലി എക്സ്പ്രസുകൾക്കു കൂടി തിരുവല്ലയിൽ അടിയന്തരമായി സ്റ്റോപ്പ് അനുവദിക്കേണ്ടതുണ്ട്. ഇത്തവണ ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട താത്കാലിക സ്റ്റോപ്പുകളുടെ പട്ടികയിൽ നിന്നുപോലും തിരുവല്ല ഒഴിവാക്കപ്പെട്ടിരുന്നു.
അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയാണ് തിരുവല്ല റെയിൽവേസ്റ്റേഷൻ നേരിടുന്ന പ്രധാന വെല്ലുവിളി. പത്തനംതിട്ട ജില്ലയിലെയും ആലപ്പുഴ, കോട്ടയം ജില്ലകളിലെയും യാത്രക്കാർ തിരുവല്ല റെയിൽവേ സ്റ്റേഷനെ ആശ്രയിക്കാറുണ്ട്. ദീർഘദൂര തീവണ്ടികൾക്ക് സ്റ്റോപ്പുകൾ ലഭിച്ചതോടെ തിരുവല്ലയിലേക്ക് എത്തുന്നവരുടെയും ഇവിടെ ട്രെയിൻ ഇറങ്ങുന്നവരുടെയും എണ്ണത്തിൽ വർധനയുണ്ടായി. ഇവർക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളാണ് ഇനി ഉണ്ടാകേണ്ടത്.
മൂന്ന് പ്ലാറ്റ് ഫോമുകളാണ് പ്രധാനമായും ഉള്ളത്. ഇവയിൽ രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളിലാണ് യാത്രാവണ്ടികൾ വരികയും പോകുകയും ചെയ്യുന്നത്. പ്ലാറ്റ്ഫോമുകളുടെ റൂഫിംഗ് പൂർത്തീകരിച്ചിട്ടില്ലെന്നതാണ് പ്രധാന പ്രശ്നം. മഴ നനയാതെ റിസർവേഷൻ കോച്ചുകളിൽ പോലും കയറാനാകാത്ത സ്ഥിതിയുണ്ട്. റൂഫിംഗ് പൂർത്തീകരണത്തിനായി എംപി ഫണ്ട് അനുവദിച്ചിരുന്നെങ്കിലും റെയിൽവേ സ്വന്തം ഫണ്ടിൽ നിന്ന് ഇതു പൂർത്തീകരിക്കുമെന്ന ഉറപ്പിൽ എക്സകലേറ്റർ നിർമാണത്തിനായി മാറ്റിവച്ചുവെന്നാണ് ആന്േറാ ആന്റണി പറയുന്നത്.
എന്നാൽ പാത ഇരട്ടിപ്പിക്കലിനേ തുടർന്ന് നിലവിൽ വന്ന മൂന്നാം നന്പർ പ്ലാറ്റ്ഫോമിന്റെ റൂഫിംഗ് മാത്രമാണ് റെയിൽവേ നടത്തിയത്. ഇതാകട്ടെ പൂർത്തീകരിച്ചിട്ടുമില്ല. യാത്രക്കാർക്കായി ഒന്നാം നന്പർ പ്ലാറ്റ്ഫോമിൽ നിന്ന് രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളിലേക്കുള്ള എക്സകലേറ്ററിന്റെ നിർമാണം ആരംഭിച്ചിട്ട് ഒരുവർഷത്തോളമായി. പൂർത്തീകരിച്ചിട്ടില്ല. ആന്േറാ ആന്റണി, പി.ജെ. കുര്യൻ എന്നീ എംപിമാർ ആസ്തിവകസന ഫണ്ടിൽ നിന്ന് ഓരോ കോടി രൂപ വീതം നൽകിയിരുന്നു.
പണികൾ ഏതാണ്ട് തടസപ്പെട്ട നിലയിലാണ്. എക്സകലേറ്റർ സ്ഥാപിച്ചാൽ ഫുട്ഓവർ ബ്രിഡ്ജ് റെയിൽവേ നിർമിക്കാമെന്നായിരുന്നു ധാരണ. എക്സകലേറ്റർ നിർമാണത്തിന്റെ പേരിൽ പ്ലാറ്റ്ഫോമിനു പുറത്തെ പാർക്കിംഗ് സംവിധാനവും താറുമാറായി. നിർമാണ ആവശ്യത്തിനു കൂടുതൽ സ്ഥലം എടുത്തതോടെ യാത്രക്കാർക്ക് വാഹനങ്ങൾ പാർക്കു ചെയ്യാൻ സ്ഥലമില്ല.
വേണ്ടത് അടിസ്ഥാന സൗകര്യങ്ങൾ
രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളിൽ കുടിവെള്ളം, ശുചിമുറി,വിശ്രമമുറി സൗകര്യങ്ങൾ ലഭ്യമല്ല. റെയിൽവേ സ്റ്റേഷനിൽ ഇൻഫർമേഷൻ സെന്റർ പ്രവർത്തിക്കുന്നില്ല. ടിക്കറ്റ് കൗണ്ടർ ഒരെണ്ണം മാത്രമാണുള്ളത്. രാവിലെയും വൈകുന്നേരവും ടിക്കറ്റിനുവേണ്ടി വൻ തിരക്കാണ് മിക്കദിവസങ്ങളിലും അനുഭവപ്പെടുന്നത്. സ്റ്റേഷനിൽ ഇറങ്ങുന്ന യാത്രക്കാർക്ക് വാഹന സൗകര്യം ലഭിക്കാത്തതാണ മറ്റൊരു പ്രധാന പ്രശ്നം.
സ്റ്റേഷൻ റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് നാളുകളായി. റെയിൽവേയുടെ നിയന്ത്രണത്തിലുള്ള റോഡ് വീതി കൂട്ടി നിർമിക്കണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല. റോഡ് തകർന്നു കിടന്നാലും നന്നാക്കാത്ത സ്ഥിതിയാണ്. ബസ് സൗകര്യംസ്റ്റേഷൻ പടിക്കൽ നിന്നു ലഭ്യമല്ല. വണ്വേ സംവിധാനത്തിലൂടെ ഇതു സാധ്യമാണെങ്കിലും റോഡിന്റെ വീതിക്കുറവും തകർച്ചയും കാരണം ബസുകളെത്താൻ മടിക്കുന്നു.
റെയിൽവേ സ്റ്റേഷനിൽ നിന്ന് ടൗണിലേക്ക് ഓട്ടോറിക്ഷ വരാറില്ല. ഇതുമായി ബന്ധപ്പെട്ടു പരാതികളുണ്ടായപ്പോഴാണ് പ്രീപെയ്ഡ് കൗണ്ടർ തുടങ്ങിയത്. ഇതിപ്പോൾ പ്രവർത്തിക്കുന്നതേയില്ല. രാത്രിയിൽ സ്റ്റേഷനിൽ ഇറങ്ങുന്നവരാണ് ഏറെ വലയുന്നത്. പോലീസ് എയ്ഡ്പോസ്റ്റിലും മിക്കപ്പോഴും പോലീസുകാർ ഉണ്ടാകാറില്ല.
നാലാം നന്പർ പ്ലാറ്റ് ഫോം കൂടി വികസിപ്പിച്ചെടുത്താൽ തിരുവല്ല റെയിൽവേ സ്റ്റേഷന്റെ മുഖച്ഛായ മാറും. സ്ഥല സൗകര്യം ഉണ്ടെങ്കിലും തിരുവല്ലയോടു റെയിൽവേ അവഗണന തുടരുകയാണ്. നാലാംനന്പർ പ്ലാറ്റ്ഫോം പൂർത്തീകരിക്കുകയും അവിടെ ടിക്കറ്റ് കൗണ്ടർ ഏർപ്പെടുത്തുകയും ടികെ റോഡിൽ നിന്നും സമാന്തരപാത തുറക്കുകയും ചെയ്താൽ യാത്രക്കാർക്ക് ഏറെ ഗുണകരമാകും. നഷ്ടപ്പെട്ട ചരക്കു ഗതാഗത സാധ്യതകൾ കൂടി തിരുവല്ലയ്ക്കു പുനഃസ്ഥാപിച്ചാൽ വരുമാനത്തിലും തിരുവല്ല എറെ മുന്നിലാകും.