തിരുവല്ല : അപകട ഭീഷണി ഉയർത്തി വർഷങ്ങളായി നിലകൊള്ളുന്ന നഗരസഭാ ടൗൺ ഹാൾ കെട്ടിടം പൊളിച്ചു നീക്കാൻ നടപടിയില്ല. കെട്ടിടം ഉപയോഗ ശൂന്യമാണെന്ന് നഗരസഭ എൻജിനീയറിംഗ് വിഭാഗം മൂന്നുവർഷം മുമ്പ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും കെട്ടിടം പൊളിച്ചു നീക്കാൻ അധികൃതർക്കായിട്ടില്ല. കെട്ടിടത്തിന്റെ മേൽക്കൂരയുടെ കോൺക്രീറ്റ് പൂർണമായും ഇളകിമാറി കമ്പികൾ ദ്രവിച്ച് നിൽക്കുന്ന കെട്ടിടം ഏതുസമയത്തും നിലംപൊത്താവുന്ന നിലയിലാണ്.
അപകടാവസ്ഥയെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി കെട്ടിടം പൊതു പരിപാടികൾക്കായി വിട്ടു നൽകുന്നില്ല. ടൗൺ ഹാളിനോടു ചേർന്ന കെട്ടിടത്തിലാണ് കുടുംബ കോടതി പ്രവർത്തിക്കുന്നത്. ടൗൺ ഹാൾ കെട്ടിടം പൊളിച്ചാൽ അതോടൊപ്പം കോടതി കെട്ടിടവും ഇടിഞ്ഞു വീഴും. കോടതിയുടെ പ്രവർത്തനം ഇവിടെ നിന്ന് മാറ്റാത്തതാണ് കെട്ടിടം പൊളിക്കുന്നതിന് തടസമാകുന്നതെന്നാണ് നഗരസഭ അധികൃതർ പറയുന്നത്.
കോടതി മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാറോട് നിരവധി തവണ രേഖാമൂലം ആവശ്യപ്പെട്ടിരുന്നതായും നഗരസഭ അധികൃതർ പറഞ്ഞു. മൂന്നുമാസം മുമ്പ് കുടുംബ കോടതി സന്ദർശിച്ച ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഉബൈദിനെ കെട്ടിടത്തിന്റെ അപകടാവസ്ഥ നേരിൽ കാണിച്ച് ബോധ്യപ്പെട്ടുത്തിയതായും കോടതി മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബറിൽ നിയമമന്ത്രിക്ക് നിവേദനം നൽകിയതായും നഗരസഭ സെക്രട്ടറി എസ്. ബിജു പറഞ്ഞു.
തിരുമൂലപുരത്ത് നിർമിക്കുന്ന കോടതി സമുച്ചയത്തിന്റെ പണികൾ പൂർത്തിയാകുന്ന ഘട്ടത്തിലേ കോടതിയുടെ പ്രവർത്തനം മാറ്റാൻ സാധിക്കൂവെന്നതാണ് നിലവിലെ സാഹചര്യമെന്നും പറയുന്നു.