തിരുവല്ല: തിരുവല്ല പെരുന്തുരുത്തിയില്‍ ഇന്നലെ സംഭവിച്ചത് തികച്ചും ആകസ്മികം. ബസ് നിയന്ത്രണം വിട്ട് മുന്നില്‍പോയ സ്കൂട്ടര്‍ യാത്രക്കാരെ ഇടിച്ചു വീഴ്ത്തുകയും ബസിനടിയില്‍പ്പെട്ട് യുവാവും യുവതിയും മരണമടയുകയും ചെയ്തു. അടുത്തുതന്നെ വിവാഹജീവിതത്തിലേക്കു പ്രവേശിക്കാനാഗ്രഹിച്ചവരെയാണ് മരണം ഇത്തരത്തില്‍ തട്ടിയെടുത്തത്.
ചെങ്ങന്നൂര്‍ പിരളശേരി കാഞ്ഞിരംപറമ്പില്‍ പരേതനായ ചാക്കോ സാമുവേലിന്റെ മകന് ജയിംസ് ചാക്കോ (30), വെണ്മണി കല്യാത്ര പുലക്കടവ് ആന്‍സി ഭവനില്‍ സണ്ണിയുടെ മകള്‍ ആന്‍സി (26) എന്നിവരാണ് മരിച്ചത്. ഏറ്റുമാനൂരില്‍ ആന്‍സിയുടെ ജോലി ആവശ്യവുമായി ബന്ധപ്പെട്ട് ഇന്റര്‍വ്യൂവില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു ഇരുവരും.
എംസി റോഡില്‍ ഇടതുവശം ചേര്‍ന്നു സാവധാനം വന്ന സ്കൂട്ടറിലേക്ക് പിന്നിലൂടെ വന്ന കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറുകയാണുണ്ടായത്. നിയന്ത്രണം വിട്ട ബസ് റോഡരികില്‍ പാര്‍ക്കു ചെയ്തിരുന്ന കാറും സ്കൂട്ടറും തകര്‍ത്താണ് ഓപ്റ്റിക്കല്‍സിലേക്ക് ഇടിച്ചു കയറിയത്.
ബസ് യാത്രക്കാരും ഓപ്റ്റിക്കല്സിലുണ്ടായിരുന്നവരും പരിക്കുകളോടെ രക്ഷപ്പെട്ടു. ഡ്രൈവിംഗിനിടെ എന്തോ ഒരു അസ്വസ്ഥത തോന്നിയതായും കണ്ണിലേക്ക് ഇരുട്ടു വ്യാപിച്ചതായും ബസ് ഡ്രൈവര്‍ കോട്ടയം ഡിപ്പോയിലെ കുമാരനെല്ലൂര്‍ അജയഭവനില്‍ അജയ്കുമാര്‍ (38) പോലീസിനോടു പറഞ്ഞു.
സ്കൂട്ടര്‍ യാത്രക്കാരെ ഇടിച്ചതോടെ ഡ്രൈവറുടെ കൈയില്‍ നിന്നു ബസിന്റെ നിയന്ത്രണം പൂര്‍ണമായി നഷ്ടപ്പെട്ടു. പിന്നീട് എന്തു സംഭവിച്ചുവെന്ന് അദ്ദേഹത്തിനും ഓര്‍മയില്ല. പരിക്കേറ്റ ഡ്രൈവര്‍ ചികിത്സയിലാണ്.
വിവാഹം വൈകിപ്പിച്ചത് കോവിഡ്
ജയിംസിന്റെയും ആന്‍സിയുടെയും വിവാഹം എന്നേ നടക്കേണ്ടിയിരുന്നതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആന്‍സിയുടെ മാതാവ് ലീലാമ്മയും സഹോദരന് അഖിലും വിദേശത്താണ്. കോവിഡ് പശ്ചാത്തലത്തില്‍ മാതാവിന്റെയും സഹോദരന്റെയും വരവ് വൈകിയതാണ് വിവാഹത്തീയതി നിശ്ചയിക്കുന്നതിനു തടസമായത്.
മുളക്കുഴ സെന്റ് ഗ്രീഗോറിയോസ് സ്കൂളിലെ ബസ് ഡ്രൈവറാണ് ജയിംസ്. ബസ് യാത്രയിലെ ബുദ്ധിമുട്ടു കാരണമാണ് ആന്‍സിയെയും കൊണ്ട് ഏറ്റുമാനൂരിലേക്കു സ്കൂട്ടറില്‍ പോയത്. ജയിംസിന്റെ മാതാവ് രോഗബാധിതയാണ്.
പിതാവ് നേരത്തെ മരിച്ചിരുന്നു. ഇനി സഹോദരി ബിന്ദു മാത്രമേ ആ വീട്ടിലുള്ളൂ. ഇരുവരുടെയും മൃതദേഹങ്ങള്‍ ഇന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് കൈമാറും.