ശശികുമാർ പകവത്ത്
തിരുവില്വാമല: വൃശ്ചികമാസത്തിലെ വെളുത്തപക്ഷ ഏകാദശി നാളിൽ പുനർജനി പുണ്യം തേടി ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിനു സമീപമുള്ള വില്വാമലയിൽ വിശ്വാസികളെത്തി. പാപമോചനം തേടി നിരവധി വിശ്വാസികളാണ് അതിരാവിലെ മുതൽ പുനർജനി നൂഴാനായി തങ്ങളുടെ ഉൗഴവും കാത്ത് ഗുഹാമുഖത്തെത്തിയത്. പുലർച്ചെ അഞ്ചിന് ചടങ്ങുകൾ ആരംഭിച്ചു.
വാദ്യഘോഷങ്ങളോടെ ക്ഷേത്രത്തിലെ മേൽശാന്തി ഗുഹാമുഖത്ത് പ്രത്യേക പൂജകൾ നടത്തി. നെല്ലിക്ക ഉരുട്ടിയാണ് നൂഴൽ ആരംഭിച്ചത്. ഇടുങ്ങിയതും ഇരുട്ടുനിറഞ്ഞതുമായ ഗുഹയിലൂടെ പിന്നിലും മുന്നിലും ഉള്ളവരുടെ സഹായം തേടിയാണ് ഇരുളടഞ്ഞ ഗുഹയിലൂടെ ഓരോരുത്തരായി അകത്ത് കടന്ന് മറുവശത്തുകൂടി പുറത്ത് വന്നത്.
കർമപാപങ്ങളൊടുക്കി പുനർജനി നൂഴ്ന്ന് വരുന്നവരെ കാത്ത് ഉറ്റവർ പ്രാർഥനാപൂർവം കാത്തുനിന്നു. ഗുരുവായൂർ ഏകാദശി നാളിലെ പരിപാവനമായ നൂഴൽ ചടങ്ങ് കാണാനായി സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകൾ വില്വാമലയിൽ തടിച്ചുകൂടിയിരുന്നു.
പരശുരാമൻ നിഗ്രഹം ചെയ്ത ക്ഷത്രിയരുടെ പ്രേതങ്ങൾക്ക് പാപമൊടുക്കി മുക്തി നേടാൻ കഴിയാതെ വിശ്വകർമാവിനാൽ പണികഴിപ്പിച്ചതാണ് പുനർജനി ഗുഹയെന്നാണ് ഐതിഹ്യം. ഈ ഗുഹ ഒരിക്കൽ തരണം ചെയ്താൽ പാപമുക്തി ലഭിക്കുമെന്നാണ് വിശ്വാസം. പുനർജനിയോടനുബന്ധപ്പെട്ട് കിടക്കുന്ന ഗണപതിതീർഥം, പാപനാശിനി തീർഥം, പാതാള തീർഥം തുടങ്ങിയ തീർഥങ്ങളിൽ ദേഹശുദ്ധി വരുത്തിയാണ് ഭക്തർ നൂഴാനെത്തുന്നത്.
അതിരാവിലെ തന്നെ തങ്ങൾക്കു ലഭിച്ച ടോക്കണകളുമായി വില്വാമലയുടെ കിഴക്കേ അടിവാരത്തുള്ള ഗുഹാമുഖത്ത് ഭക്തർ നിലയുറപ്പിച്ചിരുന്നു. ഈ വർഷം ശബരിമലക്ക് പോകുന്ന അയ്യപ്പ ഭക്തരുടെ തിരക്ക് നന്നേ കുറവായിരുന്നു. സാധാരണ ശബരിമലക്ക് മാലയിട്ട് വരുന്ന അയ്യപ്പ ഭക്തരാണ് പുനർജനി നൂഴാനെത്തുന്നവരിൽ ഏറെയും ഉണ്ടാവുക. കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി വി.എ.ഷീജ, അസിസ്റ്റന്റ് കമ്മീഷണർ സി.ബിന്ദു, ദേവസ്വം മാനേജർ സുനിൽകർത്താ എന്നിവർ പുനർജനിയിൽ എത്തിയിരുന്നു.