ശശികുമാർ പകവത്ത്
തിരുവില്വാമല: പ്രസിദ്ധമായ തിരുവില്വാമല പുനർജനി നൂഴൽ 30ന് നടക്കും. ഗുരുവായൂർ ഏകാദശി നാളിൽ നടക്കുന്ന ഭക്തിനിർഭരമായ ചടങ്ങിന് നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നായി നിരവധിയാളുകൾ പുനർജനി പുണ്യം തേടി വില്വാമലയിലെത്തും.തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിനു സമീപമുള്ള വില്വാമലയുടെ കിഴക്കേ അടിവാരത്തിലാണ് അത്ഭുത പ്രതിഭാസമായ പുനർജനി ഗുഹ. ഏകാദശി നാളിൽ പുലർച്ചെ ആരംഭിക്കുന്ന നൂഴൽ ചടങ്ങ് അർധരാത്രി വരെ തുടരും.
അതിരാവിലെ വാദ്യഘോഷങ്ങളോടെ ക്ഷേത്രത്തിലെ മേൽശാന്തി ഗുഹാമുഖത്ത് പ്രത്യേക പൂജകൾ നടത്തി. നെല്ലിക്ക ഉരുട്ടിയാണ് നൂഴൽ ആരംഭിക്കുക. പാറപ്പുറത്ത് ചന്തുവാണ് ആദ്യം ഗുഹയിൽ പ്രവേശിക്കുക. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി നെല്ലിക്ക ഉരുട്ടിയതിനുശേഷം ഇരുളടഞ്ഞ ഗുഹയിൽ ആദ്യം അകത്ത് കടന്ന് ചന്തു പുനർജനി നൂഴുന്നു.
വൃശ്ചിക മാസത്തിലെ വെളുത്തപക്ഷ ഏകാദശി (ഗുരുവായൂർ ഏകാദശി) നാളിലെ പരിപാവനമായ നൂഴൽ ചടങ്ങ് രാവിലെ മുതൽ രാത്രി വൈകും വരെ തുടരും. ഏകദേശം ഒരു മണിക്കൂർ സമയമെടുക്കും ഈ ഗുഹയാത്രക്ക്. ആയിരത്തോളം പേർക്കാണ് ഈ ദിവസം ഇവിടെ നൂഴാൻ കഴിയുക. എന്നാൽ കർമത്തിന് സാക്ഷ്യം വഹിക്കാനായി പതിനായിരക്കണക്കിനാളുകൾ എത്താറുള്ളത് പുനർജനിയുടെ പ്രാധാന്യം വിളിച്ചോതുന്നു. തിരുവില്വാമല ടൗണിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരമാണ് ഗുഹ സ്ഥിതി ചെയ്യുന്നിടത്തേക്ക്. ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിന്റെ കിഴക്കേ നടവഴിയും ഇവിടെയെത്താം.
നൂറു കണക്കിന് സ്ത്രീകളും പുനർജനി നൂഴൽ കാണാനെത്തുമെങ്കിലും സ്ത്രീകൾ ഗുഹക്കകത്തേക്ക് പ്രവേശിക്കാറില്ല. പരശുരാമൻ നിഗ്രഹം ചെയ്ത ക്ഷത്രിയരുടെ പ്രേതങ്ങൾക്ക് പാപമൊടുക്കി മുക്തി നേടാൻ കഴിയാതെ വിശ്വകർമാവിനാൽ പണി കഴിപ്പിച്ചതാണ് പുനർജനി ഗുഹ എന്നാണ് ഐതിഹ്യം. ഈ ഗുഹ ഒരിക്കൽ തരണം ചെയ്താൽ പാപമുക്തി ലഭിക്കുമെന്നാണ് വിശ്വാസം.
പുനർജനിയോടനുബന്ധപ്പെട്ട് കിടക്കുന്ന ഗണപതി തീർഥം, പാപനാശിനി തീർഥം, പാതാള തീർഥം, അന്പ്, കൊന്പ് തീർഥങ്ങളും പരിപാവനമായി കരുതുന്നു. പുനർജനി നൂഴാനെത്തുന്ന ഭക്തർക്ക് കൊച്ചിൻ ദേവസ്വം ബോർഡും തിരുവില്വാമല പഞ്ചായത്തും സൗകര്യങ്ങൾ ഒരുക്കും. ഗുഹക്കു സമീപമുള്ള കാട് വെട്ടി വഴിയും പരിസരവും വൃത്തിയാക്കിയിട്ടുണ്ട്. കുടിവെള്ളവും ലഘുഭക്ഷണത്തിനുള്ള സൗകര്യവും ഉണ്ടാകും. പുനർജനി നൂഴാനെത്തുന്ന ഭക്തജനങ്ങൾക്കുള്ള ടോക്കണ് 29ന് വൈകിട്ട് അഞ്ച് മുതൽ ശ്രീവില്വാദ്രിനാഥ ക്ഷേത്രം ഓഫീസിൽ നിന്നും ലഭിക്കും. ഫോണ്: 04884-282398.