തിരുവില്വാമല: മധ്യകേരളത്തിലെ പ്രമുഖ ക്ഷേത്രമായ കൊച്ചിൻ ദേവസ്വം ബോർഡിനു കീഴിലുള്ള തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിൽ മോഷണം. ഒരു ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടു.
നാലന്പലത്തിനകത്ത് ഓടു പൊളിച്ച് കടന്ന മോഷ്ടാവ് കൗണ്ടർ പൊളിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. ഇന്നലെ ഉച്ച കഴിഞ്ഞുള്ള കളക്ഷനും ചില്ലറക്കു വേണ്ടി സൂക്ഷിച്ച പണവും അടക്കം ഒരു ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടതായി മാനേജർ മനോജ് കെ. നായർ പറത്തു.
ഇന്നു പുലർച്ചെ കൗണ്ടർ തുറക്കാനെത്തിയ ജീവനക്കാരനാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. രാമായണ മാസാചരണത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ നല്ല ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്.
ക്ഷേത്രം കേന്ദീകരിച്ച് നാലന്പല ദർശനവും നടക്കുന്നതിനാൽ ദൂരെ നിന്നുളള നിരവധിയാളുകൾ ദർശനത്തിനെത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ക്ഷേത്രത്തിൽ പണം ഉണ്ടെന്ന് മനസിലാക്കി ഈ തക്കം നോക്കിയാണ് മോഷണം നടന്നിരിക്കുന്നത്. ക്ഷേത്രത്തിൽ സെക്യുരിറ്റി ജീവനക്കാരുണ്ടെങ്കിലും അവരും മോഷണം നടന്നത് അറിഞ്ഞിരുന്നില്ല . മേൽശാന്തിമാർക്കു പുറമെ താത്കാലിക ശാന്തിക്കാരും ക്ഷേത്രത്തിലുണ്ട്.
പ്രമുഖ ക്ഷേത്രമായിട്ടും ഇവിടെ സിസി ടിവി കാമറ സ്ഥാപിക്കാത്തതിൽ നാട്ടുകാർക്ക് പരാതിയുണ്ട്. ക്ഷേത്ര നടകളുടെ പ്രവേശന ഭാഗത്തെങ്കിലും സിസിടിവി ക്യാമറ സ്ഥാപിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നതാണ് . പഴയന്നൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.