തിരുവില്വാമല: ഫേസ്ബുക്ക് മെസഞ്ചർ വഴിയുള്ള എഐ തട്ടിപ്പിൽ കുടുങ്ങിയ തിരുവില്വാമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയ്ക്ക് പണം നഷ്ടമായി.
വിദേശത്തുള്ള സുഹൃത്തെന്ന വ്യാജേനയാണ് തട്ടിപ്പുകാരൻ ബന്ധപ്പെട്ടത്. 15,000 രൂപയാണ് നഷ്ടമായത്. അത്യാവശ്യമായി 30,000 രൂപയാണ് ആവശ്യപ്പെട്ടത്. അടുത്ത ദിവസം തിരികെ തരാമെന്നു പറയുകയും ചെയ്തു.
സുഹൃത്തിന്റെ അക്കൗണ്ടിൽനിന്നുള്ള ചാറ്റായതിനാൽ സംശയം തോന്നിയില്ല. കൈയിലുണ്ടായിരുന്ന 15,000 രൂപ ഗൂഗിൾ പേ ചെയ്ത് നൽകുകയും ചെയ്തു. വെള്ളിയാഴ്ച പകലാണ് സംഭവം.
പിന്നീട് സുഹൃത്തിനെ വാട്ട്സാപ്പ് നന്പരിൽ ബന്ധപ്പെട്ടപ്പോഴാണു പണം ആവശ്യപ്പെട്ടിട്ടില്ലെന്നും തട്ടിപ്പാണെന്നും തിരിച്ചറിഞ്ഞത്. അപ്പോഴേക്കും ചാറ്റ് വിവരങ്ങൾ ചിലതെല്ലാം അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. ഉടനെ സൈബർ സെല്ലിൽ വിളിച്ച് പരാതി നൽകി. അക്കൗണ്ടും മരവിപ്പിച്ചു.