പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇലക്ട്രിക്കൽ ഡിവിഷൻ പ്രവർത്തനം അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണെന്ന് ദേവസ്വം ബോർഡ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പത്ര സമ്മേളനത്തിൽ ആരോപിച്ചു.
ഡിവിഷൻ രൂപീകരിച്ച ആദ്യത്തെ ആറ് മാസം നല്ല രീതിയിൽ പ്രവർത്തനങ്ങൾ നടന്നു. എന്നാൽ ഇപ്പോഴത്തെ എക്സിക്യൂട്ടീവ് എൻജിനിയർ ചുമതലയേറ്റശേഷം ഓഫീസിന്റെ പ്രവർത്തനങ്ങളെല്ലാം അവതാളത്തിലായി. സത്യസന്ധമായി കരാറെടുത്ത് ജോലി ചെയ്തുപൂർത്തികരിച്ച കരാറുകാരുടെ ബില്ലുകൾ കെട്ടിക്കിടക്കുകയാണ്.
ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു കടമെടുത്ത് ജോലിചെയ്യുന്ന സാധാരണക്കാരായ കരാറുകാരാണ് ഇവിടെയുള്ളത്. 2019 മുതൽ കഴിഞ്ഞ മാസംവരെ 50 കോടി രൂപയുടെ കുടിശികയുണ്ട്.
എല്ലാ മേഖലയിലും ആധുനികവത്കരണ നടപടികൾ കൈക്കൊള്ളുന്പോഴും ദേവസ്വം ബോർഡിൽ ഇ ടെൻഡർ നടത്താത്തത് ചില ഉദ്യോഗസ്ഥരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനാണ്. ഇത് അഴിമതിക്കു കളമൊരുക്കുകയാണെന്നും അസോസിയേഷൻ കുറ്റപ്പെടുത്തി.