വൈ.എസ്. ജയകുമാർ
തിരുവനന്തപുരം: ലോക്ഡൗണ്‍ കാരണം വരുമാനം നിലച്ചതിനാൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഏപ്രിൽമാസത്തെ ശന്പളം മുടങ്ങും.
ശന്പളത്തിനും പെൻഷനുമായി ഏപ്രിൽമാസത്തേക്ക് 35 കോടി രൂപയാണ് വേണ്ടതെന്നും അതിന്റെ പകുതി തുക മാത്രമേ ദേവസ്വം ബോർഡിന്റെ പക്കലുള്ളൂവെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു പറഞ്ഞു.
നിലവിലെ സ്ഥിതിയിൽ ജീവനക്കാർക്ക് പകുതി ശന്പളം മാത്രമേ നൽകാനാകൂ. രണ്ടുമാസമായി ലോക്ക്ഡൗണിലായതിനാൽ ക്ഷേത്രങ്ങളിൽ എണ്ണാതെ അവശേഷിക്കുന്ന കാണിക്കതുക തിട്ടപ്പെടുത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ 1252 ക്ഷേത്രങ്ങളിലായി 6000 ഓളം ജീവനക്കാരുണ്ട്. ശബരിമലയിലെ വരുമാനത്തിൽ ഒരു ഭാഗം ബാങ്കിൽ നിക്ഷേപിക്കും. ഓരോ മാസത്തേയും ശന്പളം നൽകാൻ നിക്ഷേപതുകയിൽ നിന്ന് പകുതിയെടുക്കും.
ബാക്കി തുക കണ്ടെത്തുന്നത് ശബരിമല ഒഴികെയുള്ള ക്ഷേത്രങ്ങളിലെ കാണിക്കയിൽ നിന്നാണ്. മറ്റ് ക്ഷേത്രങ്ങൾക്കു കാണിക്കയില്ലാതായതോടെ വരുംമാസങ്ങളിൽ ജീവനക്കാർക്കു ശന്പളം നൽകാനായി പകുതി തുക കണ്ടെത്താനാകാതെ കുഴയുകയാണ് ദേവസ്വം ബോർഡ്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് 1252 ക്ഷേത്രങ്ങളുണ്ട്. ഇതിൽ 61 ക്ഷേത്രങ്ങൾ മാത്രമേ സ്വയംപര്യാപ്തമായുളളൂ. ദേവസ്വം ബോർഡിന് 28 ആനകളും മൂന്ന് വലിയ ഗോശാലകളും ഒന്നോ രണ്ടോ പശുക്കളെ മാത്രം വളർത്തുന്ന കുറെ ഗോശാലകളുമുണ്ട്.
ക്ഷേത്രത്തിൽ വരുമാനമില്ലെങ്കിലും ആനകളുടേയും പശുക്കളുടേയും തീറ്റക്കും പരിപാലനത്തിനും ചെലവുണ്ട്. കഴിഞ്ഞ തവണ ശബരിമല തീർത്ഥാടന കാലത്ത് 275 കോടി രൂപമാത്രമായിരുന്നു വരുമാനം.
മുൻവർഷം യുവതീ പ്രവേശന സമരം കാരണം വരുമാനകുറവുണ്ടായി. ഇതു പരിഹരിക്കാനായി സർക്കാർ 100 കോടി രൂപ പ്രഖ്യാപിച്ചെങ്കിലും 30 കോടി രൂപമാത്രമേ ഇതേവരെ നൽകിയിട്ടുള്ളൂ.