ഹരുണി സുരേഷ്
വൈപ്പിന്: തീരക്കടലില് തിരുത മത്സ്യം തേടി വലവീശുകാര് എത്തി. മഴയൊതുങ്ങി തിരകുറഞ്ഞ പുലർച്ചെ സമയത്താണ് തിരുത തീരത്തേക്ക് അടുക്കുന്നത്.
ഓളപ്പരപ്പിലൂടെ കുതിച്ചു പാഞ്ഞ് തീരത്തോട് അടുക്കുന്ന തിരുതകളെകാത്ത് വീശുവലയുമായി നിൽക്കുന്ന മത്സ്യത്തെഴിലാളികള് ഇപ്പോള് വൈപ്പിനിലെ കടല് തീരങ്ങളില് പുലർക്കാഴ്ചയാണ്.
വെള്ളത്തിനു മുകളിലെ അനക്കം ലക്ഷ്യംവെച്ചു തിരമുറിച്ച് എറിയുന്ന വലയില് പലപ്പോഴും തിരുതകള് കുരുങ്ങും. എന്നാല് ചില വിരുതന്മാര് വലയും പൊളിച്ച് രക്ഷപ്പെടുകയും ചെയ്യും.
ചിലപ്പോള് മണിക്കൂറുകളോളം തീരത്തു തിരുതയുടെ അനക്കം കാത്ത് നില്ക്കേണ്ടി വരുമെന്നതിനാല് ക്ഷമ പരീക്ഷിക്കുന്ന പണികൂടിയാണ് തിരുത വീശൽ.
ഇപ്പോഴത്തെ സീസണ് കൂടാതെ ജനുവരി ഫെബ്രുവരി മാസങ്ങളിലും തീരക്കടലില് തിരുതകള് എത്താറുണ്ടെന്നാണ് തിരുതവീശുകാരായ മത്സ്യതൊഴിലാളികള് പറയുന്നത്.
അരകിലോ മുതല് രണ്ടോ മൂന്നോ കിലോ തൂക്കമുള്ള തിരുതകള് വരെ കടല് തീരത്തുനിന്നും വലവീശിപ്പിക്കാറുണ്ട്.
നല്ല ഡിമാൻഡ് ഉള്ളതിനാല് തിരുതയ്ക്ക് കിലോഗ്രാമിന് 700 മുതല് 800 രൂപവരെ വില ലഭിക്കും.