ന്യൂഡൽഹി: അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ അന്ത്യയാത്രയിലെ ജനക്കൂട്ടം എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് കണ്ടെത്തൽ.
റോഡ് മുഴുവൻ തിക്കിത്തിരക്കി നീങ്ങുന്ന വലിയൊരു ജനക്കൂട്ടത്തിന്റെ വീഡിയോയാണ് ഡീഗോ മറഡോണയുടെ മൃതസംസ്കാര യാത്രയുടേതെന്ന പേരിൽ വ്യാപകമായി പ്രചരിക്കുന്നത്.
അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയ്റിസിൽ നടന്ന ചടങ്ങുകളുടെ വീഡിയോ എന്ന കുറിപ്പോടെയാണ് പ്രചാരണം. മറഡോണയുടെ ജനപിന്തുണയെ വാഴ്ത്തിയും കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തതിൽ ആശങ്ക പ്രകടിപ്പിച്ചുമെല്ലാം നിരവധി കമന്റുകളും വീഡിയോയ്ക്ക് പിന്നാലെ എത്തിയിരുന്നു.
എന്നാൽ, അർജന്റീനയിൽ 2019ൽ നടന്ന ഒരു പരിപാടിയുടെ വീഡിയോയാണ് വ്യാജക്കുറിപ്പോടെ ഇപ്പോൾ പ്രചരിപ്പിക്കുന്നതെന്ന് ഇന്ത്യാ ടുഡേയുടെ ഫാക്ട് ചെക്ക് വിഭാഗം കണ്ടെത്തി.
റിവേഴ്സ് ഇമേജ് ഉപയോഗിച്ചുള്ള പരിശോധനയിൽ അർജന്റൈൻ പ്രസിഡന്റിന് പിന്തുണ പ്രഖ്യാപിച്ച് നടന്ന പരിപാടിയിലേതാണ് ഈ ദൃശ്യങ്ങൾ എന്ന് വ്യക്തമായി.
2015 മുതൽ 2019വരെ പ്രസിഡന്റ് പദവി വഹിച്ച മൗറിഷ്യോ മക്രിയുടെ രാഷ്ട്രീയ ജീവിതത്തിൽ ഏറ്റവുമധികം ആളുകൾ പങ്കെടുത്ത പരിപാടിയെന്നാണ് അന്ന് ഈ പരിപാടിയേക്കുറിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഈ റാലി നടന്നതിന് ഏതാനും ദിവസങ്ങൾക്ക് ശേഷം വന്ന തെരഞ്ഞെടുപ്പ് ഫലം പക്ഷേ, മൗറീഷ്യോക്കെതിരായിരുന്നു. ആ റാലിയുടെ ദൃശ്യങ്ങൾ അദ്ദേഹവും അന്ന് ട്വീറ്റ് ചെയ്തിരുന്നു.
സ്വകാര്യ ചടങ്ങായി നടത്തിയ ഡീഗോ മറഡോണയുടെ സംസ്കാര ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഉൾപ്പെടെ രണ്ട് ഡസനോളം പേർ മാത്രമാണ് പങ്കെടുത്തത്.