തൊടുപുഴ: നഗരസഭയിൽ കൗണ്‍സിലർമാരായിരുന്ന അഞ്ചു ഭർത്താക്കൻമാർ ഈ തെരഞ്ഞെടുപ്പിൽ അണിയറയിലേക്ക് മാറിയപ്പോൾ ഭാര്യമാർ അടുക്കളയിൽനിന്നും അരങ്ങിലേക്കെത്തി.
നാലുപേർ ഭർത്താക്കൻമാരുടെ വാർഡ് നില നിർത്താനായി മൽസരരംഗത്തെത്തിയപ്പോൾ ഒരാൾ വാർഡു മാറിയാണ് മൽസരിക്കുന്നത്. കഴിഞ്ഞ ഭരണസമിതിയിലെ മൂന്നു വൈസ് ചെയർമാൻമാരുടെ ഭാര്യമാർ ഇത്തവണ തെരഞ്ഞെടുപ്പിൽ അങ്കം കുറിയ്ക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.
കഴിഞ്ഞ തവണ നഗരസഭയുടെ ഒന്നാം വാർഡായ വെങ്ങല്ലൂരിൽനിന്നും വിജയിച്ച മുൻ വൈസ് ചെയർമാൻ ടി.കെ. സുധാകരൻനായരുടെ ഭാര്യ സുധ സുധാകരൻനായർ ഇത്തവണ ആറാം വാർഡിലാണ് മൽസരിക്കുന്നത്.
ഒന്നാം വാർഡ് പട്ടിക ജാതി സംവരണമായതോടെയാണ് അന്പലം വാർഡിലേക്ക് മാറേണ്ടി വന്നത്. 2010-15 കാലത്ത് നഗരസഭ കൗണ്‍സിലറായിരുന്ന സുധ യുഡിഎഫ് സ്ഥാനാർഥിയായാണ് ജനവിധി തേടുന്നത്.
ഇവിടെ എൻഡിഎ സ്ഥാനാർഥിയായി മൽസരിക്കുന്നത് കഴിഞ്ഞതവണ കൗണ്‍സിലറായിരുന്ന ഗോപാലകൃഷ്ണന്റെ ഭാര്യ ജയലക്ഷ്മി ഗോപനാണ്. 2010-ലും ജയലക്ഷ്മി മൽസരരംഗത്തുണ്ടായിരുന്നു.
മുൻ വൈസ് ചെയർമാൻ സി.കെ. ജാഫറിന്റെ ഭാര്യ ഷഫ്ന ജാഫർ 14-ാം വാർഡായ മുതലക്കോടത്താണ് ജനവിധി തേടുന്നത്. കഴിഞ്ഞ തവണ ജാഫർ വിജയിച്ച വാർഡിൽ മുസ്ലിം ലീഗ് സ്ഥാനാർഥിയായി മൽസരിക്കുന്ന ഷഫ്ന മുൻ കൗണ്‍സിലർകൂടിയാണ്.
2012-ൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ഷഫ്ന വിജയിച്ചത്. നഗരസഭയിലെ 20-ാം വാർഡായ മുതലിയാർമഠത്ത് മുൻ വൈസ് ചെയർമാൻ എം.കെ. ഷാഹുൽഹമീദിന്റെ ഭാര്യ ഷീജ ഷാഹുൽഹമീദാണ് യുഡിഎഫ് സ്ഥാനാർഥിയായി അങ്കംകുറിച്ചിരിക്കുന്നത്.
രണ്ടു പ്രാവശ്യം ഷാഹുൽഹമീദ് വിജയിച്ച വാർഡിൽനിന്നും ഷീജയും ഒരുതവണ വിജയിച്ചിരുന്നു. രണ്ടാം വാർഡിൽ മുൻ കൗണ്‍സിലർ കെ.കെ. ഷിംനാസിന്റെ ഭാര്യ സജ്മി ഷിംനാസാണ് എൽഡിഎഫ് സ്ഥാനാർഥിയായി മൽസരിക്കുന്നത്.
സജ്മിയുടെ കന്നിയങ്കമാണ് ഇത്. കഴിഞ്ഞതവണ തങ്ങൾ വിജയിച്ച വാർഡുകൾ വനിത സംവരണ വാർഡുകൾ ആയപ്പോൾ ഭാര്യമാരെ മൽസരരംഗത്തിറക്കിയ ഭർത്താക്കൻമാരായ മുൻ കൗണ്‍സിലർമാർ അരയും തലയും മുറുക്കി പ്രചാരണ രംഗത്തുണ്ട്.
മുൻ കൗണ്‍സിലറെന്ന നിലയിൽ വാർഡിലുള്ള സൗഹൃദങ്ങളും അടുപ്പവും ഇവിടെ നടത്തിയ വികസന പ്രവർത്തനങ്ങളും പ്രിയതമയ്ക്കായി വോട്ടാക്കി മാറ്റാൻ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ.