തിരുവനന്തപുരം: ബ്രേക്ക് ദ ചെയിൻ ബോധവത്കരണത്തിന്റെ രണ്ടാം ഘട്ടം തുടങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. “തുപ്പല്ലേ തോറ്റു പോകും’ എന്ന ശീർഷകത്തിലാണ് ഇത് നടപ്പാക്കുകയെന്ന് അദ്ദേഹം അറിയിച്ചു.
സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക, മാസ്ക് ഉപയോഗിച്ച് മുഖം മറയ്ക്കുക, സാമൂഹിക അകലം പാലിക്കുക, മാസ്ക് ഉൾപ്പെടെ ഉപയോഗിക്കുന്ന വസ്തുക്കൾ വലിച്ചെറിയരുത്, പരമാവധി യാത്രകൾ ഒഴിവാക്കുക, വയോധികരും കുട്ടികളും ഗർഭിണികളും രോഗികളും വീടുവിട്ട് പുറത്തിറങ്ങരുത്, കഴുകാത്ത കൈകൾ കൊണ്ട് കണ്ണ്, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങൾ തൊടരുത്, പൊതുഇടങ്ങളിൽ തുപ്പരുത്, പോഷകാഹാരം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, ആരോഗ്യം നിലനിർത്തുക, ചുമയ്ക്കുന്പോൾ തൂവാല ഉപയോഗിച്ച് മൂക്കും വായും അടച്ചു പിടിക്കുക എന്നിവയ്ക്കാണ് ഈ കാന്പയ്നിൽ ഉൗന്നൽ നൽകുകയെന്നും അദ്ദേഹം പറഞ്ഞു.
കാന്പയ്നിന്റെ പ്രചരണാർത്ഥം സംസ്ഥാനത്തുടനീളം വിപുലമായ പ്രവർത്തങ്ങൾ സംഘടിപ്പിക്കും. ബ്രേക്ക് ദ ചെയിൻ ’തുടരണം ഈ കരുതൽ’ ബോർഡുകൾ, പോസ്റ്ററുകൾ, കിയോസ്കുകൾ എന്നിവ പ്രധാനസ്ഥലങ്ങളിൽ സ്ഥാപിക്കും. ഈ പ്രചാരണ പ്രവർത്തങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളുടെ സഹകരണം ഉറപ്പുവരുത്താനും ആരോഗ്യവകുപ്പ് ഉദ്ദേശിക്കുന്നു.