ഇടുക്കി: യൂണിയൻ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു ഇന്നു ഉച്ചയോടെ ചെറിയ തർക്കം കാന്പസിൽ ഉണ്ടായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.
ഇതു അവസാനിച്ച ശേഷം കാന്പസിനു പുറത്തേക്കു വരുന്ന സമയത്ത് പുറത്തുനിന്ന് എത്തിയവരുമായി സംഘർഷം മൂർഛിക്കുകയായിരുന്നു.
ഇതോടെ ആയുധവുമായി എത്തിയയാൾ വിദ്യാർഥികളെ കുത്തുകയായിരുന്നുവെന്നാണ് അറിയുന്നത്.
പ്രാദേശികമായി അറിയപ്പെടുന്ന നിഖിൽ പൈലി എന്നയാളാണ് കുത്തിയതെന്നാണ് സിപിഎം നേതാക്കൾ ആരോപിക്കുന്നത്.
ഇയാൾ ആയുധവുമായി അക്രമമുണ്ടാക്കാൻ കരുതിക്കൂട്ടി എത്തിയതാണെന്നു സിപിഎം നേതാക്കൾ ആരോപിച്ചു.
സംഭവം ആസൂത്രിതമാണെന്ന് മുൻ മന്ത്രി എം.എം.മണി പ്രതികരിച്ചു. കുത്തിയ ആൾ കളക്ടറേറ്റ് ഭാഗത്തേക്ക് ഒാടിപ്പോകുന്നതു കണ്ടതായിട്ടാണ് നേതാക്കൾ പറയുന്നത്.
കാന്പസിൽ ഒരു സംഘർഷവും നിലവിൽ ഇല്ലായിരുന്നെന്നും ശാന്തമായി പോകുന്ന കാന്പസ് ആണെന്നും മണി പറഞ്ഞു.
കൊലപാതകം നടത്താൻ കരുതിക്കൂട്ടി ആയുധവുമായി എത്തിയവരാണ് അക്രമം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, ഒരാൾ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നു കരുതുന്നില്ലെന്നും ഇയാൾക്കൊപ്പം കൂടുതൽ പേരുണ്ടായിരുന്നോയെന്ന് അന്വേഷിക്കണമെന്നും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ് മാധ്യമങ്ങളോടു പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ .ബിന്ദു സംഭവത്തെ അപലപിച്ചു.
വിദ്യാർഥികൾക്കു ജീവൻ നഷ്ടപ്പെടുന്ന രീതിയിൽ സംഘർഷങ്ങൾ ഉണ്ടാകുന്നതു ഞെട്ടിക്കുന്നതും സങ്കടകരവുമായ കാര്യമാണെന്നും അവർ മാധ്യമങ്ങളോടു പറഞ്ഞു.
കണ്ണൂർ സ്വദേശിയായ ധീരജ് രാജശേഖരന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം സ്വദേശത്തേക്കു കൊണ്ടുപോകും. മന്ത്രി റോഷി അഗസ്റ്റിൻ അടക്കം വിവിധ രാഷ്ട്രീയ നേതാക്കൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയിട്ടുണ്ട്.