തെന്നിന്ത്യന്‍ സിനിമയിലെ താരറാണിമാരിൽ ഒരാളാണ് തമന്ന ഭാട്ടിയ. ജയിലറിലെ കാവാലയ… ഗാനം ഹിറ്റായതിന് പിന്നാലെ ലസ്റ്റ് സ്റ്റോറി 2, ജീകര്താ, ആക്രി സച്ച് തുടങ്ങിയ ഒടിടി സിനിമ സീരിസ് പ്രൊജക്ടുകള്‍ തമന്നയുടെ മൂല്യം കുത്തനെ കൂട്ടി.
താന്‍ ജീവിതത്തില്‍ അനുഭവിച്ച മോശം കാര്യങ്ങൾ ഓര്‍ത്തെടുക്കുകയാണ് താരം. ബോളിവുഡ് ബബിള്‍സിന് നല്കിയ അഭിമുഖത്തിലാണ് തന്റെ പിതാവ് രോഗബാധിതനായി വീണ രാത്രിയുടെ നടുക്കുന്ന ഓര്മ തമന്ന പങ്കുവച്ചത്.
അച്ഛനെ അന്ന് ആ അവസ്ഥയില്‍ കണ്ടതോടെയാണ് തന്റെ ജീവിതംതന്നെ മാറിയത് എന്ന് തമന്ന പറയുന്നു.
ഞാനും അച്ഛനും ഒരു വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്നു.
അച്ഛന് ആമ്പിലിക്കല്‍ ഹെര്‍ണിയ എന്ന രോഗം ഉണ്ടായിരുന്നു. പെട്ടെന്നാണ് അദ്ദേഹം കുഴഞ്ഞു വീണത്. അദ്ദേഹത്തെ ആശുപത്രിയിലേക്ക് എത്തിക്കുകയും അടിയന്തര ഓപ്പറേഷന് വിധേയമാക്കേണ്ടിയും വന്നു.
ആ രാത്രി ഭീകരമായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും കരുത്തനായ മനുഷ്യനെ ഇത്രയും ദുര്‍ബലനായി ഞാന്‍ ഒരിക്കലും കണ്ടിരുന്നില്ല.
ആ സമയത്ത് ചെയ്യേണ്ടതൊക്കെ ചെയ്ത് ഞാന്‍ പിടിച്ചുനില്‍ക്കുകയായിരുന്നു. പക്ഷെ അതിനുശേഷം ആ വേദനയും ഞെട്ടലും ഉള്ളില്‍ വച്ച് ഞാന്‍ നേരെ ജോലിക്ക് പോയി.
അതൊരു തെറ്റായിരുന്നു. എനിക്ക് സെറ്റില്‍ വച്ച് സുഖമില്ലാതായി, ഞാന്‍ വീണു. അതില്‍നിന്ന് ഞാന്‍ ഒരു കാര്യം പഠിച്ചു. പേടിയും ഉത്കണ്ഠയും പ്രകടിപ്പിക്കാതെ അത് ഉള്ളിലൊതുക്കിയാല്‍ ശാരീരികമായി ബാധിക്കും.
അത് നമ്മളെ തളര്‍ത്തും. ചിലർക്ക് അത് മാനസികമായി ബാധിക്കും. അതിനാല്‍ അത്തരം അനുഭവങ്ങള്‍ വന്നാല്‍ ആ സമയത്തെ വികാരം ഉള്ളിലൊതുക്കരുത്, പ്രകടിപ്പിക്കണമെന്നാണ് തമന്ന പറയുന്നത്.