കോട്ടയം: തോട് കൈയേറ്റക്കാര്‍ക്കുവേണ്ടി പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ നീരൊഴുക്ക് എതിര് ദിശയിലേക്കു തിരിച്ചുവിടുന്നതായി ആക്ഷേപം.മീനച്ചിലാറ്റില്‍നിന്നും പിറയാര്‍ മുണ്ടകപ്പാടത്തേക്കുള്ള ലിഫ്റ്റ് ഇറിഗേഷന്‍ കനാല്‍ മേക്കാട് തോടില്‍നിന്നു 300 മീറ്റര്‍ കിടങ്ങൂര്‍-അയര്‍ക്കുന്നം റോഡിനടിയിലൂടെ കുറുകെയാണു പോകുന്നത്.
കനാലിന്റെ ഉള്‍ഭാഗത്ത് ചിലഭാഗത്ത് രണ്ടടിയില്‍ താഴെ മാത്രമാണു വീതിയുള്ളത്. തെക്കോട്ടൊഴുകി മേക്കാട് തോടിലെത്തിയിരുന്ന വെള്ളം വടക്കോട്ടൊഴുക്കി ഇറിഗേഷന്‍ കനാലിലേക്കു തിരിച്ചുവിടാനാണു പൊതുമരാമത്ത് വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ കാന ഉണ്ടാക്കുന്നതെന്നാണ് ആക്ഷേപം.
രണ്ടടി പോലും വീതിയില്ലാത്തതും കൃഷിക്കുവേണ്ടി വെള്ളം കൊണ്ടുപോകാന്‍ മാത്രം ഉണ്ടാക്കിയതുമായ ചെറു കനാലിലേക്കാണ് 20 മീറ്റര്‍വരെ വീതിയുള്ള തോട്ടിലേക്ക് ഒഴുകിയിരുന്ന വെള്ളം തിരിച്ചൊഴുക്കാന്‍ ശ്രമിക്കുന്നത്.
വെള്ളപ്പൊക്കം തടയാനെന്നപേരില്‍ തോട് നേരത്തെതന്നെ അടച്ചുകെട്ടിയതും തോട്ടിലേക്കുള്ള ഒഴുക്കെല്ലാം വഴി തിരിച്ചുവിടുന്നതും മേക്കാട്തോട് പൂര്‍ണമായി കൈയേറി നികത്താനുള്ള നീക്കമാണെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു. ഇറിഗേഷന്‍ കനാല്‍ ചെളിനിറഞ്ഞ് ഉപയോഗശൂന്യമായാല്‍ പിറയാര്‍ മുണ്ടകപ്പാടത്ത് കൃഷി അസാധ്യമാകും.
കിടങ്ങൂരില്‍ മീനച്ചിലാറിനേയും പിറയാര്‍ മുണ്ടകപ്പാടത്തേയും ബന്ധിപ്പിക്കുന്ന മേക്കാട് തോട് പൂര്‍ണമായി നികത്തിയെടുക്കാന്‍ വര്‍ഷങ്ങളായി ശ്രമം നടക്കുകയാണ്.ആറ്റില്‍ തോട് ആരംഭിക്കുന്നിടത്ത് 20 മീറ്റര്‍ വീതിയുണ്ട്. 1962ല്‍ കിടങ്ങൂരില്‍ വലിയപാലം പണിതപ്പോള്‍ തോട്ടില്‍ ചെറിയപാലം ഉണ്ടാക്കിയാണ് അപ്രോച്ച് റോഡ് ഉണ്ടാക്കിയത്.
കിടങ്ങൂര്‍ ജംഗ്ഷന് മുതല്‍ വലിയപാലം വരെയുള്ള പ്രദേശത്തെ നീരൊഴുക്കിനു കുറുകെയാണ് റോഡ് നിര്‍മാണം നടന്നത്. റോഡ് വന്നതോടെ നീരൊഴുകിയിരുന്ന ഇടങ്ങളും ചെറുതോടുകളും ഓരോന്നോരോന്നായി നികത്തി കൈയേറുകയോ റോഡുണ്ടാക്കുകയോ ചെയ്തു.
തോടുകളില്‍ ഏറ്റവും വലുതും അവശേഷിച്ചിരുന്നതുമായ മേക്കാട്തോട് വെള്ളപ്പൊക്കം തടയാനെന്ന പേരില്‍ കുറെ വര്‍ഷം മുന്‍പേ കുറുകെ കെട്ടിയടച്ചു.പാടം ഇതിനകം വ്യാപകമായി നികത്തപ്പെട്ടുകഴിഞ്ഞു.
അശാസ്ത്രീയ നിര്‍മിതികള്‍ക്കു ഉദ്യോഗസ്ഥര്‍ കൂട്ടുനില്ക്കുന്നതും അതിനു ദുരന്തനിവാരണത്തിന്റെ പേരിടുന്നതും വലിയ അഴിമതിയുടെ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും മീനച്ചില്‍ നദീസംരക്ഷണ സമിതി ആരോപിച്ചു.