മൂവാറ്റുപുഴ: തീരദേശ പരിപാലന നിയമം ലംഘിച്ചു കൊച്ചിയിലെ കൊച്ചാപ്പിള്ളി തോട് നികത്തി റോഡ് നിർമിച്ചതിനെതിരേ സ്വകാര്യവ്യക്തി നൽകിയ ഹർജിയിൽ എംഎൽഎയും മേയറും ഉൾപ്പെടെ 12 പേർക്കെതിരേ അന്വേഷണം നടത്താൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവ്. കടവന്ത്ര കടവിൽ ചെഷയർ ടാർസൻ നൽകിയ ഹർജിയിലാണ് അന്വേഷണത്തിന് വിജിലൻസ് ജഡ്ജി കലാംപാഷ ഉത്തരവിട്ടത്.
ചെലവന്നൂർ കായലിന് സമീപത്തുള്ള കോച്ചാപ്പിള്ളി തോടാണ് നികത്തിയത്. തോട് നികത്തിയത് ഭാവിയിൽ പ്രകൃതി ദുരന്തമടക്കമുള്ളവയ്ക്കു കാരണമാകുമെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പി.ടി. തോമസ് എംഎൽഎ, കൊച്ചി മേയർ സൗമിനി ജയിൻ, കോർപറേഷൻ സെക്രട്ടറി എ.എസ്. അനുജ, മുൻസെക്രട്ടറി ആർ.എസ്. അനു, അഡീഷണൽ സെക്രട്ടറി ആർ. രാജേഷ്കുമാർ, സൂപ്രണ്ടിംഗ് എൻജിനീയർമാരായ സി.എം. സുലൈമാൻ, പി.എസ്. ബാബുരാജ്, എക്സിക്യൂട്ടീവ് എൻജിനീയർ എ. ടൈറ്റസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർമാരായ പി.എം. അൻസാർ, ഗോപിനാഥ്, വാർഡ് കൗണ്‍സിലർ ജോണ്സണ് പാട്ടത്തിൽ, കണ്‍സ്ട്രക്ഷൻ സൊസൈറ്റി പ്രസിഡന്റ് ജോ മാത്യു എന്നിവർക്കെതിരേ അന്വേഷണം നടത്താനാണ് ഉത്തരവ്.
കോർപറേഷൻ 57-ാം ഡിവിഷനിലെ വെള്ളക്കെട്ട് പരിഹരിച്ചിരുന്നത് കോച്ചാപ്പിള്ളി തോടായിരുന്നു. ഏകദേശം ഒന്നര കിലോമീറ്റർ നീളവും 20 മീറ്റർ വീതിയും ഉണ്ടായിരുന്നതാണ് തോട്. എറണാകുളം കോ-ഓപ്പറേറ്റീവ് ഹൗസിംഗ് കണ്‍സ്ട്രക്ഷൻ സൊസൈറ്റിക്ക് പതിച്ച് നൽകിയ 22 ഏക്കർ ഭൂമിയിലേക്ക് വഴിയുണ്ടാക്കാനാണ് തോട് നികത്തിയതെന്നു ഹർജിയിൽ പറയുന്നു.
തോട് കൈയേറ്റത്തിനും നികത്തലിനുമെതിരേ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലന്നും ഹർജിയിലുണ്ട്. വിശദമായ വാദം കേൾക്കുന്നതിന് കേസ് ഫെബ്രുവരിയിലേക്ക് മാറ്റി. ഇതിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്.