തൊടുപുഴ: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിവാഹച്ചടങ്ങുകൾ നിലച്ച പള്ളിയിൽ വീണ്ടും മിന്നുകെട്ട്. ഒരുമാസം മുൻപ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനുശേഷം തൊടുപുഴ ടൗണ്‍ പള്ളിയിൽ ആദ്യവിവാഹം ഇന്നലെ നടന്നു.
തൊടുപുഴ വെങ്ങല്ലൂർ പുതിയിടം മാത്യുവിന്റെ മകൻ അജിത് പി. മാത്യൂസിന്റെയും നെടുങ്കണ്ടം വേഴപ്പറന്പിൽ ജോസഫിന്റെ മകൾ ടിസിയും തമ്മിലുള്ള വിവാഹമാണ് ആൾക്കൂട്ടമില്ലാത്ത ചടങ്ങിൽ തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളിയിൽ നടന്നത്.
വരനും വധുവും ഉൾപ്പെടെ 19 പേർ വിവാഹത്തിൽ പങ്കെടുത്തു. വധൂവരൻമാരെ കൂടാതെ കാർമികത്വം വഹിച്ച അസി. വികാരി ഫാ. മാത്യു തറപ്പിൽ, കൈക്കാരൻ, ഗായകൻ, വധുവരൻമാരുടെ മാതാപിതാക്കൾ, അടുത്ത ബന്ധുക്കൾ എന്നിവരാണ് പങ്കെടുത്തത്.
ഡിസംബറിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. രണ്ടുദിവസം മുൻപ് 19 പേരെ പങ്കെടുപ്പിച്ച് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് ഫെറോന പള്ളിയിൽ മനസമ്മതം നടത്തിയിരുന്നു.
വരന്റെ വീട്ടിൽനിന്നും നാലുപേരാണ് മനസമ്മതത്തിൽ പങ്കെടുത്തത്. നേരത്തെതന്നെ നിശ്ചയിച്ചതിനാലാണ് ചടങ്ങ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ പാലിച്ച് നടത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു. അജിതും ടിസിയും അധ്യാപകരാണ്.