മണ്ണാർക്കാട്: മണ്ണാർക്കാട് നഗരത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. വേനൽ എത്തുന്നതിനുമുന്പേ പുഴകൾ, കുളങ്ങൾ മുതലായവ വറ്റിവരണ്ടതാണ് ഇതിനു കാരണം. മണ്ണാർക്കാട്, കാരാക്കുറിശി, തെങ്കര, കാഞ്ഞിരപ്പുഴ, കുമരംപുത്തൂർ പഞ്ചായത്ത് പരിധിയിലൂടെ ഒഴുകുന്ന പുഴകളാണ് ജനുവരി ആദ്യവാരത്തിൽതന്നെ വറ്റിവരണ്ടത്.
കഴിഞ്ഞ ഏതാനുംമാസങ്ങൾക്കുമുന്പ് മണ്ണാർക്കാട് മേഖലയിൽ ശക്തമായ മഴയാണ് പെയ്തതിനെ തുടർന്നു ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള സംഭവങ്ങളുമുണ്ടായി. ഇതേ തുടർന്ന് പുഴകളുടെ ആഴം നന്നേ കുറഞ്ഞു. എല്ലാ പുഴകളും മണ്ണും ചെളിയുംകൊണ്ട് നികന്നു. ഇതുമൂലം പ്രദേശങ്ങളിലെ പുഴകളിലെ ജലനിരപ്പ് കുറയുകയും ചെയ്തു. മണലെടുപ്പുമൂലം കുഴികൾ രൂപംകൊള്ളുകയും ഇതിൽ വെള്ളം കെട്ടിനില്ക്കുകയും ചെയ്യാറുണ്ട്.
ഇത് പ്രദേശത്തെ കിണറുകളിലെയും മറ്റും ജലനിരപ്പ് വർധിക്കുന്നതിനും ഒരുപരിധിവരെ കുടിവെള്ളക്ഷാമത്തെ നിയന്ത്രിക്കാനുമാകും. താലൂക്കിലെ പ്രധാന പുഴകളായ നെല്ലിപ്പുഴ, കുന്തിപ്പുഴ, തുപ്പനാട് ഇവയെല്ലാം മണ്ണിടിഞ്ഞ് നികന്നിരിക്കുകയാണ്. എത്രയുംവേഗം പുഴകളിലെ ചെളിമാറ്റി ഉപയോഗയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.