ഓടുന്ന കാറില്‍ നിന്ന് യുവതിയുടെ കരച്ചിലും അലമുറയും! പോലീസെത്തിയപ്പോള്‍ വാഹനം തടഞ്ഞുനിര്‍ത്തിയ നാട്ടുകാര്‍ പ്രതിസ്ഥാനത്ത്; തൊടുപുഴയില്‍ സംഭവിച്ചത് ഇതൊക്കെ

വാദി പ്രതിയായി എന്ന് കേട്ടിട്ടല്ലേയുള്ളു. എന്നാല്‍ വ്യാഴാഴ്ച തെടുപുഴയിലെ ചിലയാളുകള്‍ അതനുഭവിച്ചറിഞ്ഞു. സംഭവമിങ്ങനെയായിരുന്നു…വ്യാഴാഴ്ച ഉച്ചയ്ക്ക് തൊടുപുഴ അശോക ജംഗ്്ഷനിലാണ് സംഭവമുണ്ടായത്. തൊടുപുഴ-മൂവാറ്റുപുഴ റോഡില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍നിന്ന് സ്ത്രീയുടെ കരച്ചിലും അലര്‍ച്ചയും കേട്ട് നാട്ടുകാര്‍ വാഹനം തടഞ്ഞു. ഇതിനിടെ ഓടുന്ന വാഹനത്തില്‍നിന്ന് ചാടാനും യുവതി ശ്രമിച്ചു. യുവതിയെ തട്ടിക്കൊണ്ട് പോവുകയാണെന്ന് ആരോപിച്ച് നാട്ടുകാര്‍ ഡ്രൈവര്‍ക്കും വാഹനത്തിലിരുന്ന യുവാവിനും നേരെ തട്ടിക്കയറി. സംഭവം കണ്ട് നിരവധിപേര്‍ ഇവിടെ തടിച്ചുകൂടുകയും ചെയ്തു.

നാട്ടുകാരിലാരോ ഇതിനിടയില്‍ ഫോണ്‍ വിളിച്ച് പോലീസിനെയും വരുത്തി. എന്നാല്‍, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അത്രയും നേരം കാറിലിരുന്ന് അലറിവിളിച്ച യുവതി നാട്ടുകാര്‍ക്കു നേരെ തിരിഞ്ഞു. തങ്ങളുടെ വാഹനം നാട്ടുകാര്‍ അന്യായമായി തടഞ്ഞ് ബന്ധനസ്ഥരാക്കിയിരിക്കുകയാണെന്ന് യുവതി പോലീസിനോടു പറഞ്ഞു. ഇതോടെ വാഹനം തടഞ്ഞവര്‍ പ്രതിസ്ഥാനത്തായി. സംഭവം തിരിച്ചടിക്കുമെന്ന് മനസിലാക്കി നാട്ടുകാരില്‍ പലരും ഇതിനോടകം സ്ഥലം കാലിയാക്കുകയും ചെയ്തു. എന്നാല്‍, കാറിന്റെ ഡ്രൈവര്‍ മദ്യപിച്ചതായി കണ്ടെത്തിയ പോലീസ് മൂവരേയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മദ്യപിച്ച് പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിന് ഇവര്‍ക്കെതിേര കേസെടുത്ത ശേഷം വിട്ടയച്ചു. കൊല്ലം സ്വദേശികളായ ദമ്പതിമാരാണ് കാറിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. യാത്രയ്ക്കിടയിലുണ്ടായ വഴക്കിനെ തുടര്‍ന്നാണ് യുവതി അലറി വിളിച്ചതെന്നും തൊടുപുഴ പോലീസ് പറഞ്ഞു.

 

Related posts