കോലഞ്ചേരി: തൊടുപുഴയിൽ അമ്മയുടെ കാമുകന്റെ ക്രൂരമർദനമേറ്റു കോലഞ്ചേരിഎംഒഎസ്സി മെഡിക്കൽ കോളജിൽ വെൻറ്റിലേറ്ററിൽ കഴിയുന്ന ഏഴുവയസുകാരന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു. വ്യാഴാഴ്ച നാനൂറു മില്ലിഗ്രാം ഭക്ഷണം കുട്ടിക്കു നല്‍കിയിരുന്നെങ്കിലും കുടലിന്റെ പ്രവർത്തനം താറുമാറായതിനെത്തുടർന്ന് ആഹാരം കൊടുക്കുന്നത് നിർത്തി.
ഇന്നലെ ഉച്ചയ്ക്കു കോട്ടയത്തുനിന്നുള്ള മെഡിക്കൽ സംഘം ഉറ്റ ബന്ധുക്കളുമായി കുട്ടിയുടെ ആരോഗ്യസ്ഥിതി ചർച്ച ചെയ്തു. കോട്ടയം മെഡിക്കൽ കോളജിലെ ന്യൂറോ സർജൻ ഡോ. ടിനു രവി ഏബ്രഹാം, പീഡിയാട്രിക് സർജൻ ഡോ. ജയപ്രകാശ്, ന്യൂറോളജിസ്റ്റ് ഡോ. ഹാരിസ്, കോലഞ്ചേരി ആശുപത്രിയിലെ ഡോ. ശ്രീകുമാർ എന്നിവരാണു കുട്ടിയെ പരിശോധിച്ചത്. മാർച്ച് 28നാണു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെഡിക്കൽബോർഡിന്റെ നിർദേശാനുസരണം പരമാവധി ചികിത്സ നൽകുന്നതിന്റെ ഭാഗമായി വെന്റിലേറ്റർ സഹായം തുടരാൻതന്നെയാണു തീരുമാനം.