തൊടുപുഴ: മദ്യനിരോധന ദിവസം നഗരത്തിലെ ബാർ ഹോട്ടലിൽ അക്രമം നടത്തിയ ഡിവൈഎഫ്ഐ നേതാവുൾപ്പെടെയുള്ള നാലംഗ സംഘത്തിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. തൊടുപുഴ -ഇടുക്കി റോഡിലെ സിസിലിയ ഹോട്ടലിലാണ് ഇന്നലെ പുലർച്ചെ അക്രമം നടന്നത്. ഹോട്ടലിലെ റിസപ്ഷനിസ്റ്റിനെ ആക്രമിച്ച് കൈവശമുണ്ടായിരുന്ന 22000 രൂപ പിടിച്ചു പറിച്ച് സംഘം കടന്നു കളഞ്ഞതായാണ് കേസ്.
ഡിവൈഎഫ്ഐ തൊടുപുഴ ഏരിയ കമ്മിറ്റിയംഗവും മുതലക്കോടം മേഖല ജോയിന്റ് സെക്രട്ടറിയുമായ മാത്യൂസ് കൊല്ലപ്പള്ളി, ലിജോ ജോസ്, ഗോപീകൃഷ്ണൻ എന്നിവരുൾപ്പെടുന്ന നാലഘ സംഘമാണ് ആക്രമണം നടത്തിയത്.ഇന്നലെ പുലർച്ചെ രണ്ടോടെ ഹോട്ടലിലെത്തിയ സംഘം വാതിലിൽ തട്ടി വിളിച്ച് മദ്യം ആവശ്യപ്പെട്ടു. എന്നാൽ ഈ സമയം മദ്യം നൽകാൻ കഴിയില്ലെന്ന് റിസപ്ഷനിസ്റ്റ് ടോണി അറിയിച്ചു.
മദ്യം നൽകാൻ വിസമ്മതിച്ചതോടെയാണ് നാലംഗ സംഘം ടോണിയെ തള്ളി മാറ്റി ഹോട്ടലിലേക്കു കയറുകയും തുടർന്ന് വളഞ്ഞുവച്ചു മർദിക്കുകയും ചെയ്തത്. ഇതിനിടെ ടോണിയുടെ പോക്കറ്റിലുണ്ടായിരുന്ന പണം പിടിച്ചുവാങ്ങുകയും ചെയ്തു. ഹോട്ടലിലെ ആവശ്യത്തിനായി സാധനങ്ങൾ വാങ്ങാൻ സൂക്ഷിച്ചിരുന്ന പണമാണ് സംഘം അപഹരിച്ചത്.
ബാർ ഉടമകളുടെ പരാതിയെത്തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. മാത്യൂസ് കൊല്ലപ്പള്ളി ഉൾപ്പെട്ട സംഘമാണ് ആക്രമണം നടത്തുന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ഇതനുസരിച്ചാണ് പോലീസ് നാലു പേർക്കെതിരെ കേസെടുത്തത്. പ്രതികൾ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ മാസം ഒൻപതിന് തൊടുപുഴയിലെ തിയറ്റർ കോംപ്ലക്സിൽ തിയറ്റർ ജീവനക്കാരെ മാത്യൂസ് കൊല്ലപ്പിള്ളി ഉൾപ്പെട്ട സംഘം മർദിച്ചതിന്റെ പേരിൽ ഇവർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. നേരത്തെ കെഎസ്യു പ്രവർത്തകനായിരുന്ന മാത്യൂസ് കൊല്ലപ്പള്ളി രണ്ടു വർഷം മുൻപാണ് ഡിവൈഎഫ്ഐയിൽ ചേർന്നത്.