കൊച്ചി: അമ്മയുടെ സുഹൃത്തിന്‍റെ ക്രൂരമർദ്ദനത്തിനിരയായ ഏഴ് വയസുകാരൻ മരണത്തിന് കീഴടങ്ങി. രാവിലെ 11.30 ഓടെ കോലഞ്ചേരിയിലെ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു കുട്ടിയുടെ അന്ത്യം.
തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന് ഡോക്ടർമാർ നേരത്തെ തന്നെ വിധിയെഴുതിയിരുന്നു.
കഴിഞ്ഞ ബുധനാഴ്ച വൈകീട്ടൊടെയാണ് തൊടുപുഴയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഏഴ് വയസുകാരനെ ഗുരുതരാവസ്ഥയില്‍ എത്തിച്ചത്. അസ്വാഭാവികത തോന്നിയ ഡോക്ടര്‍മാര്‍ പോലീസിനെ വിവരമറിയിച്ചു. തലയ്ക്കാണ് ഗുരുതമായി പരിക്കേറ്റത്. സോഫയില്‍ നിന്ന് വീണാണ് കുട്ടിക്ക് പരിക്കേറ്റതെന്നാണ് മാതാപിതാക്കള്‍ പറഞ്ഞതെങ്കിലും മുറിവുകള്‍ അങ്ങനെ ഉണ്ടായതല്ലെന്ന് ലക്ഷണങ്ങളില്‍നിന്ന് ഡോക്ടര്‍മാര്‍ക്ക് വ്യക്തമായി. തുടര്‍ന്ന് കൂടുതല്‍ ചികിത്സക്കായി കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അബോധാവസ്ഥയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ അരുണ്‍ ആനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിയുടെ ഭര്‍ത്താവിന്റെ മരണത്തില്‍ അടക്കം ദുരൂഹത കണ്ടെത്തിയിരുന്നു. തൊടുപുഴയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന വര്‍ക്ക് ഷോപ്പ് നടത്തുകയായിരുന്നു യുവതിയുടെ ഭര്‍ത്താവ്. പൂര്‍ണ ആരോഗ്യവാന്‍. എന്നാല്‍ കഴിഞ്ഞ മേയില്‍ തിരുവനന്തപുരത്ത് പോയ യുവതിയുടെ ഭര്‍ത്താവ് പിന്നെ ജീവനോടെ തിരിച്ചു വന്നിട്ടില്ല. ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അന്ന് തിരുവനന്തപുരത്ത് ഇതേ അരുണിന്റെ സാന്നിധ്യം ഉണ്ടായിരുന്നു.
യുവതിയുടെ ഭര്‍ത്താവിന്റെ മരണാനന്തര ചടങ്ങുകളില്‍ ഉള്‍പ്പെടെ അരുണ്‍ പങ്കെടുത്തിരുന്നു. ഭര്‍ത്താവ് മരിച്ച് 43മത്തെ ദിവസം യുവതി അരുണിനൊപ്പം തിരുവനന്തപുരത്തേക്ക് ഒളിച്ചോടി. ഒപ്പം കുട്ടികളെയും കൂട്ടി. യുവതിയുടെ വീട്ടുകാര്‍ പോലീസില്‍ അന്ന് പരാതിയും നല്കിയിരുന്നു. കണ്ടുകിട്ടിയശേഷം ഇവരെ യുവതിയുടെ അമ്മ പെരിങ്ങാശേരിയിലെ വീട്ടിലേക്ക് കൊണ്ടുവന്നു. പിന്നീടാണ് യുവതിയുടെ അമ്മയുമായുള്ള പ്രശ്നത്തെ തുടര്‍ന്ന് ഇരുവരും കുമാരമംഗലത്തേക്ക് വാടകയ്ക്കു വരുന്നത്.
കുട്ടികളോട് ഏറെ സ്നേഹമുണ്ടായിരുന്ന യുവതിയുടെ ഭര്‍ത്താവ്, അതായത് കുട്ടികളുടെ അച്ഛന്‍ മൂത്തമകന്റെ പേരില്‍ മൂന്നരലക്ഷം രൂപയോളം ബാങ്കില്‍ ഇട്ടിരുന്നു. ഈ പണം അരുണും യുവതിയും ചേര്‍ന്ന് യുവാവ് മരിച്ചയുടനെ ബാങ്കില്‍ നിന്ന് പിന്‍വലിച്ചു. ഈ പണം ഉപയോഗിച്ച് യുവതിയുടെ കാറിന്റെ സിസി മുഴുവന്‍ അടച്ചുതീര്‍ത്തു. ബാക്കി പണം ഉപയോഗിച്ച് തൊടുപുഴയിലെ വര്‍ക്ക് ഷോപ്പിന്റെ നിയന്ത്രണം ഏറ്റെടുത്ത് അറ്റക്കുറ്റ പണി നടത്തുകയും ചെയ്തു.
അരുണ്‍ മാത്രമല്ല സ്വന്തം അമ്മയും തങ്ങളെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്ന് ഈ കുട്ടി ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. യുവതിയുടെ അമ്മ ഭരണകക്ഷിയുടെ സജീവ പ്രവര്‍ത്തകയാണ്. അതുകൊണ്ട് തന്നെ ഇവരെ കേസില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.