ഗാന്ധിനഗർ: മാരകമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മൂന്നര വയസുകാരിക്ക് നേരേ പീഡനമുണ്ടായിട്ടില്ലെന്ന് കുട്ടിയുടെ പിതാവ്. സ്വകാര്യ ഭാഗങ്ങളിൽ ഉണ്ടായ മുറിവ് സൈക്കിളിന്റെ സീറ്റ് ഒടിഞ്ഞതിനാൽ ഉണ്ടായതാണെന്നും കുട്ടിയുടെ പിതാവ് രാഷ്്ട്രദീപികയോടു പറഞ്ഞു.
അതേസമയം ലൈംഗിക പീഡനം നടന്നിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ നടത്താനൊരുങ്ങുകയാണ് ചികിത്സാ സംബന്ധമായി രൂപീകരിച്ച മെഡിക്കൽ ബോർഡ്.കഴിഞ്ഞ ചൊവാഴ്ച ആശുപത്രി അധികൃതർ മൂവാറ്റുപുഴ പോലീസിന് ചികിത്സാ സംബന്ധമായ പ്രാഥമിക മെഡിക്കൽ റിപ്പോർട്ട് കൈമാറിയിരുന്നു.
കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് മുറിവേല്പിച്ചിരുന്നതായും, കൈ കാൽ എന്നിവ ഒടിഞ്ഞ്, വാരിയെല്ല് പൊട്ടുകയും, തലയ്ക്ക് ചെറിയ മുറിവുകളും ഉണ്ടായിരുന്നു. പഴക്കമുള്ള ഈ മുറിവുകൾക്ക് ആവശ്യമായ ചികിത്സ നൽകിയിരുന്നില്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
ഈ വിവരങ്ങൾ പോലീസിന് നൽകിയ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. ഫോറൻസിക് വിഭാഗം അസ്ഥിരോഗ വിഭാഗവും നടത്തിയ പരിശോധനകളിലാണ് കുട്ടിയുടെ ശരീര ഭാഗങ്ങളിലെ ഒടിവുകളും മുറിവുകളും കണ്ടെത്തിയത്.
ശരീരത്തിലുള്ള ഈ മുറിവുകൾ പീഡനമോ, ക്രൂരമായ മർദ്ദനം മൂലമോ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മെഡിക്കൽ ബോർഡ് വിലയിരുത്തൽ. ഇത് സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾക്കുശേഷം തിങ്കളാഴ്ച മെഡിക്കൽ ബോർഡ് കൂടുവാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം.
രണ്ടാനമ്മയാണെങ്കിലും ഭാര്യയ്ക്ക് തന്റെ മകളെ വലിയ ഇഷ്ടമാണെന്നും അതുകൊണ്ട് മകളെ ഉപദ്രവിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും പിതാവ് പറയുന്നു.
ഇറച്ചിക്കടയിൽ ജോലി ചെയ്യുന്ന താൻ വീട് പുറത്തു നിന്നും പൂട്ടിയ ശേഷമാണ് ജോലിക്ക് പോകുന്നതെന്നും മാസത്തിൽ ഒന്നോ രണ്ടോ തവണ എത്തുന്ന ഭാര്യാ സഹോദരൻ, കുട്ടിയോട് സ്നേഹപൂർവമാണ് പെരുമാറിയിരുന്നതെന്നും, കുട്ടിക്കുണ്ടായ പരിക്കുകളിൽ ഇദ്ദേഹത്തെ യാതൊരു സംശയവുമില്ലെന്നും കാലിനുണ്ടായ പൊട്ടൽ കുളിമുറിയിൽ തെന്നി വീണപ്പോൾ ഉണ്ടായതാണെന്നും പിതാവ് പറഞ്ഞു.
അതേസമയം, മെഡിക്കൽ ബോർഡ് കണ്ടെത്തിയ വലതു കൈയിലെ ഒടിവും, വാരിയെല്ലിനേറ്റ പൊട്ടലും എങ്ങനെയുണ്ടായതാണെന്ന തനിക്ക് അറിയില്ലെന്നും പിതാവ് പറഞ്ഞു.കഴിഞ്ഞ മാർച്ച് 27ന് വയറുവേദനയെ തുടർന്നാണ് മൂവാറ്റുപ്പുഴ പെരുമുറ്റത്തു വാടകയ്ക്കു താമസിക്കുന്ന അസം സ്വദേശിയുടെ മകളെ കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വകാര്യ ഭാഗങ്ങളിൽ മുറിവുകളും, കുടൽ പൊട്ടിയതായും കണ്ടെത്തിയത്.വരും ദിവസങ്ങളിൽ ജനറൽ സർജറി, അസ്ഥിരോഗം, ഫോറൻസിക്, ഗ്യാസ്ട്രോ എൻറോളജി തുടങ്ങി വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ പരിശോധന പൂർത്തിയാക്കി തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കാനാണ് മെഡിക്കൽ ബോർഡിന്റെ തീരുമാനം.