തൊടുപുഴ: കുമാരമംഗലത്ത് അമ്മയുടെ സുഹൃത്തിന്റെ മർദനമേറ്റ് ഏഴുവയസുകാരൻ കൊല്ലപ്പെട്ട കേസിൽ കുറ്റപത്രം വായിക്കുന്നത് ഈ മാസം 28 ലേക്ക് നീട്ടി.
കുറ്റപത്രത്തിൽ അപ്പീൽ നൽകുന്നതിനായി സമയം അനുവദിക്കണമെന്ന പ്രതി ഭാഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് കേസ് മാറ്റിയത്. പ്രോസിക്യൂഷന്റെ ശക്തമായ എതിർപ്പിനെ മറികടന്നായിരുന്നു കോടതി അനുമതി നല്‍കിയത്.
തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി നിക്സണ് എം. ജേക്കബാണ് കേസ് പരിഗണിച്ചത്. തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയുന്ന കേസിലെ പ്രതി തിരുവനന്തപുരം നന്തൻകോട് കടവത്തൂർകാസിൽ അരുണ്‍ ആനന്ദിനെ കോടതി നിർദേശ പ്രകാരം ഇന്നലെ ഹാജരാക്കിയിരുന്നു.
ഇന്നലെ കോടതി കേസ് പരിഗണിച്ചപ്പോൾ ജാമ്യം വേണമെന്ന പ്രതിയുടെ ആവശ്യത്തെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു.
നിലവിൽ ഇതേ കേസിൽ മുന്‍പ് ഹൈക്കോടതിയിൽ നല്കിയ ജാമ്യാപേക്ഷ തള്ളുകയും ആറ് മാസത്തിനുള്ളിൽ കേസിന്റെ വിചാരണ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.
ഇതിന്റെ തുടർച്ചയായി പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം മാപ്പുസാക്ഷിയായ അമ്മയെ ഭീഷണിപ്പെടുത്തിയതിനും ഉപദ്രവിച്ചതിനും തെളിവ് നശിപ്പിക്കാൻ പ്രേരിപ്പിച്ചതിനുമുള്ള വകുപ്പുകൾ കൂടി പ്രതിക്കെതിരെ കഴിഞ്ഞ ദിവസം വിചാരണ കോടതി ചുമത്തിയിരുന്നു. ഈ വകുപ്പുകൾ പോലീസ് പ്രതിക്കെതിരെ ചുമത്തിയിരുന്നില്ല.
കോടതിയിൽ വിസ്തരിക്കാനുള്ള 50ഓളം സാക്ഷികളുടെ പട്ടികയും ഇവരെ വിസ്തരിക്കേണ്ട തീയതിയും ഉൾപ്പെടെ വിശദമായ ലിസ്റ്റ് പ്രോസിക്യൂഷൻ കോടതിയുടെ അനുമതിക്കായി സമർപ്പിച്ചു. ഇതിന്റെ പകർപ്പ് പ്രതിഭാഗത്തിനും നല്കി. എന്നാൽ കുറ്റപത്രം വായിക്കാത്തതിനാൽ ഇതുവരെ വിചാരണ തുടങ്ങാനായിട്ടില്ല.
വിചാരണ നീട്ടിക്കൊണ്ട് പോകാൻ പ്രതിഭാഗം മനഃപൂർവം ശ്രമിക്കുന്നതായും പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചു.
ഒക്ടോബർ 17 മുതൽ നവംബർ ഒന്നിനകം 50 സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്പെഷൽ പ്രോസിക്യൂട്ടർ സി.എസ്. അജയൻ പറഞ്ഞു.
2019 മാർച്ചിലായിരുന്നു ഏഴ് വയസുകാരന് ക്രൂരമർദനമേറ്റത്. നാലു വയസുകാരനായ സഹോദരൻ സോഫയിൽ പ്രാഥമിക കൃത്യം നിർവഹിച്ചുവെന്ന് പറഞ്ഞാണ് പ്രതി അരുണ്‍ ആനന്ദ് കുട്ടിയെ മർദ്ദിച്ചത്.
കൊല്ലപ്പെട്ട ഏഴു വയസുകാരനെയും സഹോദരനെയും പ്രതി ലൈംഗിക പീഡനത്തിന് ഇരയാക്കിതായും കണ്ടെത്തിയിരുന്നു. ഈ കേസിൽ പ്രതിക്ക് 19 വർഷം കഠിനതടവും 23.81 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്.