തൊടുപുഴ: ഏഴു വയസുകാരനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യൽ തുടരുന്നു. പോലീസ് അറസ്റ്റു ചെയ്ത തിരുവനന്തപുരം നന്തൻകോട് കടവത്തൂർ കാസിൽ അരുണ്‍ ആനന്ദിനെ (36)യാണ് തൊടുപുഴ പോലീസ് സ്്റ്റേഷനിൽ വിശദമായി ചോദ്യം ചെയ്യുന്നത്. മൂന്നു ദിവസത്തേക്കാണ് ഇയാളെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്.
മൂത്ത കുട്ടിയെ മർദ്ദിച്ചതിനു പുറമെ ഇളയകുട്ടിയെയും ശാരീരികമായി ഉപദ്രവിച്ചതിനും ലൈംഗികമായി ദുരുപയോഗം ചെയ്തതുമായും ബന്ധപ്പെട്ട് എടുത്തിരിക്കുന്ന കേസും വിശദമായി അന്വേഷിക്കുകയാണ് പോലീസ്. പ്രത്യേക സംഘങ്ങളായാണ് കേസന്വേഷണം പുരോഗമിക്കുന്നത്.
മൂത്ത കുട്ടിയെ മർദ്ദിച്ച കേസ് ഡിവൈഎസ്പി കെ.പി.ജോസിന്റെ നേതൃത്വത്തിലും ഇളയ കുട്ടിക്കു നേരെയുള്ള പീഡനക്കേസ് സിഐ അഭിലാഷ് ഡേവിഡുമാണ് അന്വേഷിക്കുന്നത്. ഇളയ കുട്ടിക്കു നേരെയും പ്രതി ക്രൂര പീഡനം നടത്തിയതായി പോലീസിനു വ്യക്തമായ വിവരങ്ങൾ ലഭിച്ചു. ആറു മാസം മുൻപുണ്ടായ മർദ്ദനത്തിൽ കുട്ടിയുടെ പല്ല് നഷ്ടപ്പെട്ടിരുന്നു. അടിയേറ്റ് പല്ല് തെറിച്ചു പോയതാകാമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.
ശരീരത്തിലാകമാനം ഉപദ്രവിച്ചതിന്റെ ലക്ഷണങ്ങളോടെയുള്ള പാടുകൾ ഉണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി 11 മുറിവേറ്റ പാടുകളാണുള്ളത്. ബാക്കി മുറിവുകൾ മൂത്ത കുട്ടിക്ക് മർദനമേറ്റ് ഒരാഴ്ചയ്ക്കുള്ളിൽ ക്രൂരമായി ഉപദ്രവിച്ചതിന്റെ ഭാഗമായി സംഭവിച്ചതാകാമെന്നും ഡോക്ടർ മൊഴി നൽകി. പല മുറിവുകളും ഉണങ്ങിയിട്ടില്ല. ഇതിനാൽ കുട്ടിക്ക് ഇപ്പോഴും വേദനയനുഭവപ്പെടുന്നുണ്ട്. കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന്റെ വ്യക്തമായ തെളിവുകളും പരിശോധനയിൽ ലഭിച്ചു.
ക്രിമിനൽ പശ്ചാത്തലമുള്ള പ്രതിയുടെ കാറിൽ നിന്നും മഴുവും മറ്റും കണ്ടെത്തിയതിനെ സംബന്ധിച്ചും പോലീസ് കൂടുതൽ അന്വേഷണം നടത്തും. മഴു സുഹൃത്ത് സമ്മാനമായി നൽകിയതാണെന്നാണ് പ്രതി പോലീസിനു മൊഴി നൽകിയതെങ്കിലും പോലീസ് ഇതു വിശ്വാസത്തിലെടുത്തിട്ടില്ല. പകൽ കിടന്നുറങ്ങിയതിനു ശേഷം രാത്രിയാണ് പ്രതി പുറത്തിറങ്ങിയിരുന്നത്. അതിനാൽ മറ്റെന്തെങ്കിലും കൃത്യങ്ങളിൽ ഇയാൾ ഏർപ്പെട്ടിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഇതിനിടെ കുട്ടികളുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണം പിൻവലിച്ചതുമായി ബന്ധപ്പെട്ട് കുട്ടികളുടെ പിതാവിന്റെ അച്ഛൻ ഇന്നലെ പോലീസിൽ പരാതി നൽകി. ഓരോ കുട്ടിയുടെയും പേരിൽ 3,26,000 രൂപ വീതമാണ് ബാങ്കിൽ നിക്ഷേപിച്ചിരുന്നത്. കുട്ടികൾക്ക് 18 വയസു പൂർത്തിയാകുന്പോൾ പിൻവലിക്കാവുന്ന തരത്തിലായിരുന്നു നിക്ഷേപം. ഇത് തന്ത്രപൂർവം തൊടുപുഴയിലെ ശാഖയിലേക്കു മാറ്റിയാണ് ഒരു കുട്ടിയുടെ പേരിലുള്ള പണം അരുണ്‍ ആനന്ദും കുട്ടികളുടെ മാതാവും ചേർന്ന് പിൻവലിച്ചത്.
കൂടാതെ ഇളയ കുട്ടിയുടെ സംരക്ഷണം തങ്ങൾക്ക് കിട്ടണമെന്നാവശ്യപ്പെട്ട് ചൈൽഡ് വെയൽഫയർ കമ്മിറ്റിക്ക് ഇന്ന് ഇവർ അപേക്ഷ നൽകും. കോലഞ്ചേരി മെഡിക്കൽ കോളജിൽ ചികിൽസയിൽ കഴിയുന്ന കുട്ടിയുടെ അവസ്ഥ ആശങ്കാഡനകമായി തന്നെ തുടരുകയാണ്. മസ്തിഷ്ക്കത്തിന്റെ പ്രവർത്തനം പൂർണമായും നിലച്ച അവസ്ഥയിലാണെങ്കിലും മറ്റ് അവയവങ്ങൾ പ്രവർത്തിക്കുന്നതാണ് പ്രതീക്ഷയ്ക്കു വക വയ്ക്കുന്നത്.