യുഡിഎഫ് ആഹ്വാനംചെയ്ത ഇടുക്കി ജില്ലാ ഹര്‍ത്താലിനോടനുബന്ധിച്ചു തൊടുപുഴയില്‍ നടന്ന പ്രകടനത്തിനിടയില്‍ സംഘര്‍ഷമൊഴിവാക്കാന്‍ സിഐ തോക്കെടുത്തു. തൊടുപുഴ സിഐ എന്‍.ജി. ശ്രീമോനാണു പ്രകടനം നടത്തിയ പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായപ്പോള്‍ തന്റെ സര്‍വീസ് റിവോള്‍വറെടുത്തത്. വ്യാഴാഴ്ച നടന്ന കെഎസ്‌യു മാര്‍ച്ചിനു നേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിക്കാനാണു യുഡിഎഫ് ഇന്നലെ പ്രതിഷേധ പ്രകടനം നടത്തിയത്.
കാഞ്ഞിരമറ്റം ജംഗ്ഷനില്‍ പ്രകടനം എത്തിയപ്പോള്‍ ഡിവൈഎസ്പിയുടെയും സിഐയുടെയും നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം എത്തി. പിന്നീട് ഹര്‍ത്താലനുകൂലികളും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. പോലീസിന്റെ മുന്‍നിരയില്‍നിന്ന ഡിവൈഎസ്പി നേതാക്കളുമായി സംസാരിക്കുന്നതിനിടയിലാണു പിന്നിലുണ്ടായിരുന്ന സിഐ റിവോള്‍വര്‍ എടുത്തത്. സമാരാനുകൂലികള്‍ പിന്തിരിഞ്ഞപ്പോള്‍ സിഐ തോക്ക് ഉറയിലിടുകയും ചെയ്തു. അതേസമയം സിഐ ശ്രീമോനെ ഒറ്റയ്ക്കു കിട്ടിയാല്‍ കൈയ്യും കാലും തല്ലിയൊടിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ സോഷ്യല്‍മീഡിയയില്‍ വീരവാദം മുഴക്കുന്നുണ്ട്.
ശ്രീമോനെതിരേ യൂത്ത് കോണ്‍ഗ്രസ് ഇടുക്കി പാര്‍ലമെന്‍റ് മണ്ഡലം പ്രസിഡന്‍റ് ബിജോ മാണി മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് കെ.ബി. കോശിക്ക് പരാതി നല്‍കി. പോലീസ് ലാത്തിചാര്‍ജില്‍നിന്നും രക്ഷപ്പെടാന്‍ ഓടിയ പ്രവര്‍ത്തകരെ ഓടിച്ചിട്ട് പോലിസ് സംഘംചേര്‍ന്ന് മര്‍ദിച്ചു. തൊടുപുഴ സിഐ എന്‍.ജി. ശ്രീമോന്‍ മുന്‍വൈരാഗ്യം തീര്‍ക്കുന്നതുപോലെയാണ് മര്‍ദനം നടത്തുകയും പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ശ്രമിച്ച നേതാക്കളെ പിന്നില്‍ നിന്നും തലയ്ക്കടിച്ച് വീഴിക്കുകയും ചെയ്തതെന്ന് പരാതിയില്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റ പ്രവര്‍ത്തകര്‍ തൊടുപുഴ ചാഴികാട് ഹോസ്പിറ്റലില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സിഐയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ സംബന്ധിച്ചും പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ മനുഷ്യത്വരഹിതമായ മര്‍ദനം സംബന്ധിച്ചും മാധ്യമങ്ങളില്‍വന്ന വാര്‍ത്തയും ചിത്രങ്ങളും സമര്‍പ്പിക്കുന്നതായും പരാതിയില്‍ വ്യക്തമാക്കുന്നു.