തൊടുപുഴ: മാതാവിന്റെ സുഹൃത്തിന്റെ മർദനമേറ്റു മരിച്ച ഏഴു വയസുകാരന്റെ ഇളയ സഹോദരന്റെ സംരക്ഷണം രണ്ടു മാസത്തേക്കുകൂടി അച്ഛന്റെ മാതാപിതാക്കൾക്കു വിട്ടു നൽകി.
കുട്ടിയുടെ മാതാവിന്റെ അമ്മ ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപസ് ഹർജിയെത്തുടർന്നു കുട്ടിയെ ഇടുക്കി ചൈൽഡ് വെൽഫയർ കമ്മിറ്റിക്കു മുന്പാകെ ഇന്നലെ ഹാജരാക്കാനും തുടർനടപടി സംബന്ധിച്ച് ഇവരോടു തീരുമാനമെടുക്കാനും കോടതി നിർദേശം നൽകിയിരുന്നു.
ഇതേത്തുടർന്നാണ് ഇന്നലെ കുട്ടിയെ പിതാവിന്റെ മാതാപിതാക്കൾ ഇടുക്കി സിഡബ്ല്യുസി മുന്പാകെ ഹാജരാക്കിയത്. കുട്ടിയെ നിരീക്ഷിച്ച കമ്മിറ്റി കുട്ടി സന്തോഷവാനാണെന്നു വിലയിരുത്തി. കുട്ടിയുടെ മാനസിക നില സംബന്ധിച്ചു പരിശോധിക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളജിലെ മാനസികാരോഗ്യ വിദഗ്ധൻ ഡോ.ജയപ്രകാശിനെ ചുമതലപ്പെടുത്തി. ഇതിനു പുറമെ മാസത്തിലൊരിക്കൽ തിരുവനന്തപുരം സിഡബ്ല്യുസി കുട്ടിയുടെ സ്ഥിതി വിലയിരുത്തും.
കുട്ടി താമസിച്ചുവരുന്ന വീട്ടിലും പഠിക്കുന്ന സ്കൂളിലും ഉൾപ്പെടെ ഇടുക്കി സിഡബ്ല്യുസി അംഗങ്ങളും സന്ദർശിക്കുമെന്നു ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ പ്രഫ.ജോസഫ് അഗസ്റ്റിൻ പറഞ്ഞു. കുട്ടിയുമായി ഫോണിൽ സംസാരിക്കാൻ അമ്മയുടെ മാതാവിന് അവസരം നൽകിയിട്ടുണ്ട്. ഓഗസ്റ്റ് 17നു വീണ്ടും കുട്ടിയെ സിഡബ്ല്യുസി മുന്പാകെ ഹാജരാക്കണം.