തൊടുപുഴ: പതിനഞ്ചുകാരന് നടത്തിയിരുന്ന ഫാമിലെ പതിമൂന്ന് പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തിൽ തീറ്റയായി നല്കിയ കപ്പത്തണ്ടിലെ സയനൈഡാണ് കന്നുകാലികളുടെ മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്. ആറ് വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്.
വെള്ളിയാമറ്റം കിഴക്കേപറമ്പില്‍ മാത്യു ബെന്നിയുടെ ഫാമിലെ പശുവും കിടാവും മൂരിയും ഉള്‍പ്പെടെ പതിമൂന്ന് പശുക്കളാണ് കഴിഞ്ഞ ദിവസം ചത്തത്. വീടിനു സമീപത്തെ കപ്പ ഉണക്കുന്ന കേന്ദ്രത്തിലെ കപ്പത്തണ്ട് ഉണക്കി പശുക്കൾക്ക് തീറ്റയായി പതിവായി നൽകിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഇത് കഴിച്ച ശേഷം പശുക്കൾ ദേഹാസ്വാസ്ത്യം പ്രകടിപ്പിക്കുകയും പിന്നാലെ കുഴഞ്ഞു വീഴുകയുമായിരുന്നു.
കപ്പയിൽ പതിയിരിക്കുന്ന സയനൈഡ് എന്ന വില്ലൻ
കപ്പയിൽ സയനൈഡിന്റെ സ്വാധീനം സർവസാധാരണമാണ്. കപ്പയിൽ ലിനാമാരിൻ, ലോട്ടോസ്ട്രാലിൻ എന്നീ സയാനോജീനിക് ഗ്ലൂക്കോസൈടുകൾ ഉള്ളതു മൂലം കപ്പയുടെ കിഴങ്ങ്, കിഴങ്ങിന്റെ തൊലി, ഇലകൾ തുടങ്ങിയവ പച്ചയ്ക്ക് തിന്നുന്നത് വിഷമാണ്.
കയ്പ്പുള്ള കപ്പകളിലാണ് സയാനോജീനിക് ഗ്ലൂക്കോസൈടുകൾ കൂടുതലായി കാണപ്പെടുന്നത്. ഇവയിൽ 1000 മില്ലിഗ്രാം വരെ സയനൈഡാണ് അടങ്ങിയിട്ടുള്ളത്. എന്നാൽ കയ്പ്പ് ഇല്ലാത്ത കപ്പയിൽ കിലോയിൽ 20 മില്ലിഗ്രാം സയനൈഡ് അംശമാണുള്ളത്. 500–600കിലോ ഭാരമുള്ള ഒരു പശുവിന് മരണകാരണമാകാന്‍ വെറും 300–400 മില്ലിഗ്രാം സയനൈഡ് മതി.
പിതാവിന്റെ മരണത്തിനു ശേഷമാണ് സ്കൂള്‍ വിദ്യാര്‍ഥിയായിരുന്നു മാത്യു പതിമൂന്നാം വയസില്‍ ക്ഷീര മേഖലയിലേക്കു കടന്നത്. കുട്ടികര്ഷകനായ മാത്യുവിന്റെ പശുക്കള്‍ കൂട്ടത്തോടെ ചത്ത ദാരുണ സംഭവം നാടിനാകെ വേദനയായി. സംഭവത്തെ തുടര്‍ന്ന ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മാത്യുവിനെ മൂലമറ്റത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം വൈകുന്നേരം പുതുവത്സരവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ പുറത്തു പോയിരുന്നു. രാത്രി എട്ടോടെ തിരിച്ചു വന്നതിനു ശേഷം പശുക്കള്‍ക്ക് തീറ്റ കൊടുത്തു. ഇതില്‍ മരച്ചീനിയുടെ തൊലിയും ഉള്‍പ്പെട്ടിരുന്നതായി സംശയിക്കുന്നു.
ഏതാനും സമയം കഴിഞ്ഞതോടെ പശുക്കള്‍ ഒന്നൊന്നായി തളര്‍ന്നു വീഴുകയും പിന്നീട് ചാകുകയുമായിരുന്നു. സംഭവമറിഞ്ഞ നാട്ടുകാര്‍ ഓടിയെത്തി. ഇവര്‍ വിവരമറിയിച്ചതിനുസരിച്ച് വെറ്ററിനറി ഡോക്ടര്‍മാരായ ഡോ.ഗദ്ദാഫി, ഡോ.ക്ലിന്റ്, ഡോ.സാനി, ഡോ.ജോര്‍ജിന് എന്നിവര്‍ സ്ഥലത്തെത്തി മരുന്ന് നല്‍കിയെങ്കിലും ഇതിനോടകം 13 വലിയ പശുക്കള്‍ ചത്തിരുന്നു.
സംഭവത്തില്‍ മന്ത്രി ജെ. ചിഞ്ചുറാണി മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് അടിയന്തരമായി റിപ്പോര്‍ട്ട് തേടി. പശുക്കള്‍ ചത്തതില്‍ ദുരൂഹത ഉണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. പഠനത്തോടൊപ്പമാണ് മാത്യു പശുക്കളെ വളര്‍ത്തി കുടുംബത്തിന് കൈത്താങ്ങായിരുന്നത്. മികച്ച കുട്ടിക്ഷീര കര്‍ഷകനുള്ള അവാര്‍ഡിനു പുറമെ ഒട്ടേറെ പുരസ്കാരങ്ങളും ഈ കുട്ടികര്ഷകനെ തേടിയെത്തിയിരുന്നു. മന്ത്രി റോഷി അഗസ്റ്റിന് വീട്ടിലെത്തി മാത്യുവിനെ ആദരിക്കുകയും ചെയ്തിരുന്നു.