തൊടുപുഴ: ക്രൂര മർദനത്തിനിരയായി ഏഴു വയസുകാരൻ കൊല്ലപ്പെട്ട കേസിൽ മാതാവിനെ പ്രതിസ്ഥാനത്തു നിന്നും ഒഴിവാക്കാൻ രാഷ്ട്രീയ ഇടപെടലുകൾ നടക്കുന്നതായി സൂചന. ഭരണപക്ഷത്തുള്ള ഒരു പാർട്ടിയാണ് ഇവരെ കേസിൽ നിന്നൊഴിവാക്കി സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നത്.
ഇവരുടെ അമ്മ ഈ പാർട്ടിയുടെ സജീവ പ്രവർത്തകയാണ്. കാലങ്ങളായി കുട്ടികൾ പ്രതിയിൽ നിന്നും മർദനമേറ്റു വാങ്ങിയിട്ടും ഈ വിവരം പുറത്തറിയിക്കാതെ മറച്ചുപിടിച്ചത് ഗുരുതര കുറ്റമാണെന്ന ആക്ഷേപത്തിനിടയിലാണ് ഇവരെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നത്.
രണ്ടു കുട്ടികളെയും രാത്രിയിലും മറ്റും വീട്ടിൽ തനിച്ചാക്കി പോകുന്നത് പ്രതിയായ അനിൽ ആനന്ദും കുട്ടികളുടെ മാതാവും പതിവാക്കിയിരുന്നു. കുട്ടിക്കു നേരെയുള്ള മർദനവിവരം പുറത്തറിഞ്ഞതു മുതൽ ഇവരെ കേസിൽ പ്രതി ചേർക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നും ഉയർന്നിരുന്നു. കുട്ടിയെ അതിക്രൂരമായി മർദിച്ച് മൃതപ്രായനാക്കി ആശുപത്രിയിൽ എത്തിച്ചപ്പോഴും പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ഇവരുടെ ഭാഗത്തു നിന്നുണ്ടായത്.
ആദ്യഘട്ടത്തിൽ പോലീസിന്റെ ചോദ്യം ചെയ്യലിനോട് ഇവർ സഹകരിച്ചിരുന്നുമില്ല. ഇതോടെ പോലീസ് ഇവരെ പ്രതി ചേർക്കാൻ തീരുമാനിച്ചു. എന്നാൽ പിന്നീട് ഇവരെ മുഖ്യസാക്ഷിയാക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനിടെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതു മുതൽ ഇവരുടെ കാര്യങ്ങൾ പാർട്ടിയുടെ നിയന്ത്രണത്തിലാണ് നടക്കുന്നത്.
എന്നാൽ ആദ്യം മാതാവിനെ കേസിൽ പ്രതി ചേർത്തിട്ടില്ലെങ്കിലും കുട്ടി കൊല്ലപ്പെട്ട സാഹചര്യത്തിൽ സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ഇപ്പോൾ പോലീസിന്റെ നിലപാട്. മാതാവിനെ അടുത്ത ദിവസം തന്നെ കൂടുതൽ വിശദമായി ചോദ്യം ചെയ്യും.
കുട്ടിയുടെ മാതാവും ഇളയ സഹോദരനും കുടുംബശ്രീയുടെ സ്നേഹിത ഷെൽട്ടർ ഹോമിലാണ് കഴിയുന്നത്. സംസ്കാരം നടന്ന രാത്രിയിൽ തന്നെ മുത്തശിയോടൊപ്പം ഇവരെ ഇടുക്കിയിലെ ഷെൽട്ടർ ഹോമിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ മാതാവിന് കൗണ്‍സലിംഗ് നൽകുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
ഇളയകുട്ടിയുടെ സുരക്ഷിതത്വത്തിൽ ആശങ്കയുണ്ടെന്നും അതിനാൽ കുട്ടിയുടെ സംരക്ഷണം വിട്ടുനിൽകണമെന്നാവശ്യപ്പെട്ട് പിതാവിന്റെ വീട്ടുകാർ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല.
കൊല്ലപ്പെട്ട കുട്ടിയുടെ നാലു വയസുകാരനായ ഇളയ സഹോദരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിൽ പ്രതി അരുണ്‍ ആനന്ദിന്റെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. മൂത്ത കുട്ടിയെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിയുടെ അറസ്റ്റ് ജയിലിലെത്തിയാണ് അന്വേഷണത്തിനു നേതൃത്വം നൽകുന്ന സിഐ അഭിലാഷ് ഡേവിഡ് രേഖപ്പെടുത്തിയത്.
കുട്ടിയെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി തിരുവനന്തപുരം നന്തൻകോട് കടവത്തൂർ കാസിൽ അരുണ്‍ ആനന്ദിനു വേണ്ടി ഹൈക്കോടതി അഭിഭാഷകൻ ഹാജരാകും. സൈനിക ഉദ്യോഗസ്ഥനായ സഹോദരനാണ് എറണാകുളത്തെ അഭിഭാഷകനെ ഏർപ്പാടാക്കിയത്. എന്നാൽ മാതാവോ സഹോദരനോ ഇയാളെ ഇതുവരെ കാണാനെത്തിയില്ല. പ്രതിയെ അറസ്റ്റു ചെയ്ത ദിവസം തന്നെ ഇയാളുടെ മാതാവിനെ ഫോണിൽ അറസ്റ്റു വിവരം പോലീസ് അറിയിച്ചിരുന്നു.
അരുണിന്റെ പേരിൽ നിലവിൽ ഉണ്ടായിരുന്ന ക്രിമിനൽ കേസുകളും സാന്പത്തിക ഇടപാടുകളും പോലീസ് വീണ്ടും പരിശോധിക്കും. കൂടാതെ കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് പത്തു മാസം മുൻപ് അകാലത്തിൽ മരിച്ചതിനെ സംബന്ധിച്ച് ബന്ധുക്കൾ നൽകിയ പരാതിയിലും തുടർ അന്വേഷണം ഉണ്ടാകും.
പ്രതി ബാംഗ്ലൂരിൽ ജോലി ചെയ്തിരുന്ന കാലത്ത് അടുപ്പമുണ്ടായിരുന്ന കാമുകി ദുരൂഹ സാഹചര്യത്തിൽ മരിച്ചതും പോലീസ് അന്വേഷണത്തിനു വിധേയമാക്കും. കുട്ടികളുടെ പേരിൽ ബാങ്കിൽ മുത്തച്ഛൻ നിക്ഷേപിച്ചിരുന്ന പണം ആൾമാറാട്ടം നടത്തി തട്ടിയെടുത്തതിനു പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.