കൊച്ചി: തൊടുപുഴയ്ക്കു സമീപം കുമാരമംഗലത്ത് ക്രൂരമർദനമേറ്റ ഏഴ് വയസുകാരന്റെ സ്ഥിതി ഗുരുതരം. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ വെന്റിലേറ്ററിൽ അബോധാവസ്ഥയിൽ കഴിഞ്ഞുവരുന്ന കുഞ്ഞിന്റെ ആരോഗ്യനില വളരെ മോശമാണ്. സംഭവത്തിൽ അമ്മയ്ക്കൊപ്പം താമസിച്ച സുഹൃത്തിനെ കസ്റ്റഡിയിലെടുത്തു.
രണ്ടാം ക്ലാസുകാരനായ കുട്ടിയെ തലയ്ക്കു ഗുരുതര പരിക്കേറ്റ നിലയിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. നില അതീവ ഗുരുതരമായതിനെത്തുടർന്നു പിന്നീട് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
അമ്മയും അരുണും ചേർന്നാണു കുട്ടിയെ ആശുപത്രിയിൽ കൊണ്ടുവന്നത്. കട്ടിലിൽനിന്നു വീണു തലയ്ക്കു പരിക്കേറ്റെന്നാണ് ഇവർ ആശുപത്രി അധികൃതരോടു പറഞ്ഞത്. എന്നാൽ, ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കുട്ടിയുടെ തലയ്ക്കു സാരമായി പരിക്കേറ്റെന്നും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പരിക്കുണ്ടെന്നും കണ്ടെത്തി.
ക്രൂരമർദനത്തിനിരയായതിന്റെ സൂചനകളും ലഭിച്ചു. ഇതോടെ ആശുപത്രി അധികൃതർ പോലീസിനെയും എറണാകുളം ചൈൽഡ് വെൽഫയർ കമ്മിറ്റിയെയും അറിയിച്ചു. ഇടുക്കി ചെൽഡ് വെൽഫെയർ കമ്മിറ്റി സംഭവത്തിൽ അന്വേഷണം നടത്തി.
കുട്ടിയുടെ ഇളയ സഹോദരനെ അയൽപക്കത്തെ വീട്ടിലാക്കിയാണ് ഇരുവരും ആശുപത്രിയിൽ പോയത്. നാലു വയസുകാരനായ ഇളയ കുട്ടിയുടെ ദേഹത്തും മർദനമേറ്റെന്നു സംശയിക്കാവുന്ന പാടുകൾ കണ്ടെത്തിയതിനെത്തുടർന്നു തൊടുപുഴ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
ചൈൽഡ് വെൽഫയർ കമ്മിറ്റിയംഗങ്ങൾ ഇളയ കുട്ടിയിൽനിന്നു വിവരങ്ങൾ ശേഖരിച്ചപ്പോൾ ജ്യേഷ്ഠനു മർദനമേറ്റതായി മൊഴി നൽകിയെന്നു കമ്മിറ്റി ചെയർമാൻ പ്രഫ.ജോസഫ് അഗസ്റ്റിൻ പറഞ്ഞു. രണ്ടാനച്ഛനെന്നു പറയുന്ന അരുണ്‍ സഹോദരനെ മർദിക്കുകയും നിലത്തേക്കെറിയുകയും ചെയ്തെന്നാണ് കുട്ടി മൊഴി നൽകിയത്. ഇതോടെ യുവാവിനെതിരെ ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരവും വധശ്രമത്തിനും കേസെടുക്കാൻ കമ്മിറ്റി അധ്യക്ഷൻ നിർദേശം നൽകി.
ഒരു വർഷം മുൻപ് കുട്ടികളുടെ പിതാവ് മരിച്ചതിനു ശേഷമാണു ബന്ധുവായ അരുണ്‍ ആനന്ദ് ഇവർക്കൊപ്പം താമസമാരംഭിച്ചത്. ഇയാൾക്കെതിരെ തിരുവനന്തപുരത്തു ക്രിമിനൽ കേസുകളുള്ളതായും വിവരം ലഭിച്ചു. കുട്ടിയുടെ ഇളയ സഹോദരനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി വല്യമ്മയുടെ സംരക്ഷണയിൽ വിട്ടു.