തൊടുപുഴ: വിവാഹം നിശ്ചയിച്ച യുവതിയെ കടത്താൻ കാമുകന്റെ ശ്രമം. നഗരത്തിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ വിവാഹ വസ്ത്രങ്ങളെടുക്കാനെത്തിയ സംഘത്തിൽ നിന്നുമാണ് പ്രതിശ്രുത വധുവിനെ കടത്തിക്കൊണ്ടു പോകാൻ ശ്രമം നടന്നത്.
യുവതിയെ കടത്തിക്കൊണ്ടു പോകാനെത്തിയ കാമുകൻ ഉൾപ്പെടെയുള്ള യുവാക്കളെയും ഇവർക്ക് ഒത്താശ ചെയ്ത ഡിവൈഎഫ്ഐക്കാരെയും നാട്ടുകാർ കൈകാര്യം ചെയ്തു. സംഘർഷത്തിൽ വസ്ത്ര വ്യപാര സ്ഥാപനത്തിലെ ജീവനക്കാർക്കും ഓട്ടോ ഡ്രൈവർമാർക്കും മർദ്ദനമേറ്റു.
അടി കലശലിനൊടുവിൽ പോലീസ് എത്തി പ്രതിശ്രുത വരനെയും വധുവിനെയും ബന്ധുക്കളെയും കാമുകനെയും പോലീസ് സ്റ്റേഷനിലെത്തിച്ചു. ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നോടെയായിരുന്നു പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സംഭവത്തിൽ ആറു പേർക്കെതിരെ പോലീസ് കേസെടുത്തു.
ഉടുന്പന്നൂർ സ്വദേശിയായ പെണ്‍കുട്ടിയുടെയും പാലക്കുഴ സ്വദേശിയായ യുവാവിന്റെയും വിവാഹം ഞായറാഴ്ചയാണ് നിശ്ചയിച്ചിരുന്നത്. എട്ടു വർഷമായി ഇവർ പ്രണയത്തിലായിരുന്നു. യുവാവ് പിന്നീട് വിദേശത്ത് പോയി. ഈ സമയത്താണ് യുവതി ഈരാറ്റുപേട്ട സ്വദേശിയായ യുവാവുമായി അടുപ്പത്തിലായത്. ഇതിനിടെ പാലക്കുഴ സ്വദേശി ഗൾഫിൽ നിന്നു തിരികെയെത്തിയതോടെ പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിക്കുകയായിരുന്നു.
കഴിഞ്ഞ മാസം 20നായിരുന്നു വിവാഹ നിശ്ചയം. യുവതിയിൽ നിന്നു വിവരം അറിഞ്ഞ ഈരാറ്റുപേട്ട സ്വദേശിയായ യുവാവ് ജോലി ചെയ്തിരുന്ന ഗുജറാത്തിൽ നിന്നു വിമാന മാർഗം എത്തിയാണ് യുവതിയെ കടത്തിക്കൊണ്ടു പോകാൻ പദ്ധതി തയാറാക്കിയത്.
കല്യാണസാരി ഉൾപ്പെടെയുള്ള വിവാഹ വസ്ത്രങ്ങൾ വാങ്ങാൻ പ്രതിശ്രുത വരനും വധുവും വ്യാപാര സ്ഥാപനത്തിൽ എത്തിയപ്പോഴാണ് കാമുകനുൾപ്പെട്ട യുവാക്കളുടെ സംഘം എത്തിയത്. യുവതിയുടെ ബന്ധുക്കൾ ഇതു ചോദ്യം ചെയ്തതോടെ തങ്ങൾ വർഷങ്ങളായി പ്രണയത്തിലാണെന്നും പെണ്‍കുട്ടി അറിയിച്ചതനുസരിച്ചാണ് എത്തിയതെന്നും ഇവർ പറഞ്ഞു.
ഇവരെ തടയാൻ ശ്രമിച്ച യുവതിയുടെ ബന്ധുക്കളെയും കടയിലെ ജീവനക്കാരെയും യുവാക്കൾ മർദ്ദിച്ചു. ഇതിനിടെ യുവാക്കൾക്കൊപ്പമെത്തിയ ഡിവൈഎഫ്ഐക്കാരും പുറമെ നിന്നുള്ള ഓട്ടോക്കാരും കൂടിയെത്തിയതോടെ വ്യപാര സ്ഥാപനത്തിൽ കൂട്ടയടിയായി. സ്ഥാപന അധികൃതർ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി.
പെണ്‍കുട്ടിയുടെ അറിവോടെയാണ് വിവാഹം നിശ്ചയിച്ചതെന്നും ഈരാറ്റുപേട്ട സ്വദേശിയെ വിളിച്ചുവരുത്തിയതെന്നും അറിഞ്ഞതോടെ ഡിവൈഎഫ്ഐക്കാർ രംഗത്തു നിന്നു പിൻമാറി.
സ്ഥാപനത്തിലും റോഡിലും സംഘർഷമുണ്ടാക്കിയതിനാണ് പെണ്‍കുട്ടിയുടെ സഹോദരൻ, പ്രതിശ്രുത വരൻ, കാമുകൻ എന്നിവരുൾപ്പെടെ ആറു പേർക്കെതിരെ കേസെടുത്തതെന്ന് എസ്ഐ വി.സി.വിഷ്ണുകുമാർ പറഞ്ഞു. വീട്ടുകാർക്കൊപ്പം പോകാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം തൊടുപുഴയിലെ ഷെൽട്ടർ ഹോമിലേക്കു മാറ്റി.