തൊടുപുഴ: മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ കുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചുവെന്ന് ഡോക്ടർമാർ.കോലഞ്ചേരി മെഡിക്കൽ മിഷൻ ന്യൂറോ ഐസിയുവിൽ കഴിയുന്ന കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്നും ഡോക്ടർമാർ പറഞ്ഞു. കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷ വേണ്ടെന്നാണ് വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണം.
കുട്ടിയുടെ മാതാവിനൊപ്പം കഴിഞ്ഞിരുന്ന തിരുവനന്തപുരം നന്തൻകോട് സ്വദേശി കടവത്തൂർ കാസിൽ അരുണ്‍ ആനന്ദ് (36) എന്നയാളാണ് കുട്ടിയെ മർദ്ദിച്ച് മൃതപ്രായനാക്കിയത്. ഇയാളെ വധശ്രമത്തിനു പുറമെ പോക്സോ കേസും ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ കുട്ടിയുടെ മാതാവിനെ കൂടി പ്രതി ചേർക്കാൻ കഴുയുമോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
പ്രതി കുട്ടിയുടെ അനുജനെയും മാതാവിനെയും മർദ്ദിച്ചിരുന്നു. ഇവർക്കും പരിക്കേറ്റിട്ടുണ്ട്. കട്ടിലിൽ നിന്നും തൊഴിച്ചു താഴെയിട്ട് പിന്നീട് കുട്ടിയെ ഭിത്തിയിലേക്ക് എടുത്തടിക്കുകയായിരുന്നുവെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിരുന്നു. ഒരുവർഷം മുന്‍പ് കുട്ടികളുടെ പിതാവ് ഹൃദയസ്തംഭനത്തെ തുടർന്നു മരണമടഞ്ഞിരുന്നു. തുടർന്നാണ് ബന്ധുവായ പ്രതി യുവതിയോടൊപ്പം താമസമാക്കിയത്.
വ്യാഴാഴ്ച പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രാത്രിയിൽ പുറത്തു പോയി ഭക്ഷണം കഴിക്കുന്ന ശീലമുള്ള അരുണ്‍ യുവതിയെയും കൂട്ടി രാത്രി ഒന്നരയോടെ കുട്ടികളെ വീട്ടിൽ തനിച്ചാക്കി തൊടുപുഴ ടൗണിലെ തട്ടുകടയിൽ ആഹാരം കഴിക്കാൻ പോയി. ഇതിനിടെ പോലീസ് പട്രോളിംഗ് സംഘം യുവതി ഓടിക്കുന്ന കാർ കണ്ടിരുന്നു.
ഇവർ പുലർച്ചെ മൂന്നോടെ തിരികെ വീട്ടിലെത്തി. ഇതിനിടെ ഭക്ഷണം കഴിക്കാതെ കുട്ടികൾ തളർന്നുറങ്ങിയിരുന്നു. ഇവർക്ക് ഭക്ഷണം നൽകാനായി വിളിച്ചുണർത്താൻ ശ്രമിച്ചപ്പോൾ ഇളയകുട്ടി കിടക്കയിൽ മൂത്രമൊഴിച്ചതായി കണ്ടു. തുടർന്നാണ് കുട്ടിയെ ടോയ്ലറ്റിൽ കൊണ്ടു പോയി മൂത്രമൊഴിപ്പിക്കാത്തതിന്റെ പേരിൽ മൂത്ത കുട്ടിയെ പ്രതി ക്രൂരമായി ആക്രമിച്ചത്.