എംജെ ശ്രീജിത്ത്
തിരുവനന്തപുരം: തൊടുപുഴയിൽ ഏഴുവയസുകാരൻ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദ്ദനത്തെത്തുടർന്ന് മരണമടഞ്ഞ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. കേസിൽ കുട്ടിയുടെ അമ്മയെ പ്രതിചേർക്കില്ലെന്ന സൂചനയാണ് അന്വേഷണ സംഘം നൽകുന്നത്. കുട്ടികളെ കൂടാതെ കുട്ടികളുടെ അമ്മയേയും ക്രൂരമായി മർദ്ദിക്കുന്ന സ്വഭാവം ഉണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
കുട്ടിയുടെ അമ്മയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയപ്പോഴും മർദ്ദനത്തെക്കുറിച്ച് യുവതി മൊഴി നൽകിയിട്ടുണ്ട്. യുവതിയെ പ്രതി ചേർത്താൽ കേസ് ദുർബലമാകാനുള്ള സാധ്യതയുണ്ടെന്ന നിയമോപദേശവും പോലീസിന് ലഭിച്ചിട്ടുണ്ട്. കേസിലെ പ്രധാന സാക്ഷിയും പരാതിക്കാരിയും കുട്ടികളുടെ അമ്മയാണ്.
ഈ സാഹചര്യത്തിൽ യുവതിയെ പ്രതിയാക്കിയാൽ കേസ് ദുർബലപ്പെടാനുള്ള സാധ്യതയുണ്ടെന്ന വാദം നിലനിൽക്കുന്നതിനാൽ കേസിലെ എല്ലാ വശവും പരിശോധിച്ച ശേഷം മാത്രമെ കുട്ടികളുടെ അമ്മയെ പ്രതി ചേർക്കാൻ സാധ്യതയുള്ളു. കൂടാതെ യുവതി സ്വന്തം ഇഷ്ടത്തിലല്ല രാത്രി അരുണ്‍ ആനന്ദിന്റെ കൂടെ പുറത്തു പോകുന്നതെന്നും പോയില്ലെങ്കിൽ ക്രൂര മർദ്ദനത്തിന് ഇരയാകുമെന്നതിനാലാണ് കൂടെ പോകുന്നതെന്ന മൊഴിയാണ് നൽകിയിരിക്കുന്നത്.
പാതി രാത്രിയായാലും ഉറങ്ങുന്ന സ്വഭാവം അരുണിനില്ലെന്നും കാറിലിരുന്ന് സിഗരറ്റു വലിക്കുന്നതും മദ്യപിക്കുന്നതുമാണ് ഇയാളുടെ വിനോദമെന്നാണ് യുവതി നൽകിയിരിക്കുന്ന മൊഴി. കാർ ഓടിക്കുന്നതിനാണ് യുവതിയെ കൂടെ കൂട്ടുന്നത്. കൂടെ പോയില്ലെങ്കിൽ തന്നെയും കുട്ടികളേയും ക്രൂരമായി മർദ്ദിക്കുമെന്നുമെന്നാണ് മൊഴി. ഇതു ഭയന്നാണ് സംഭവ ദിവസവും അരുണിന്റെ കൂടെ പോയെന്നുമാണ് യുവതിയുടെ മൊഴി.
യുവതിയുടെ മൊഴി അന്വേഷണ സംഘം വിശദമായി പരിശോധിച്ചു വരികയാണ്. യുവതിയുടെ മൊഴി സാധൂകരിക്കുന്ന തരത്തിലുള്ള ചില മൊഴികൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സമീപത്തുള്ള തട്ടുകടക്കാർ രാത്രി യുവതിയെ അരുണ്‍ റോഡിലിട്ട് മർദ്ദിക്കുന്നത് കണ്ടിട്ടുണ്ടെന്ന് മൊഴി നൽകിയിട്ടുണ്ട്.