തൊടുപുഴ: മുനിസിപ്പൽ ഓഫീസിൽ അതിക്രമം നടത്തിയ ഡിവൈഎഫ്ഐ , എസ്എഫ്ഐ പ്രവർത്തകർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. അഞ്ചു പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പു പ്രകാരം പോലീസ് കേസെടുത്തിരിക്കുന്നത്. അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ കേസ് ചാർജു ചെയ്തിരിക്കുന്നത്. സർക്കാർ മുതൽ നശിപ്പിക്കുക, ഒൗദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തൽ, അതിക്രമിച്ചു കയറൽ എന്നി വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന തൊടുപുഴ സിഐ സജീവ് ചെറിയാൻ പറഞ്ഞു.
ഇന്നലെ മൂന്നോടെയാണ് അഴിമതിയാരോപണം ഉന്നയിച്ച് നഗരസഭയിലേക്ക് ഡിവൈഎഫ്ഐ , എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷമുണ്ടായത്. മുനിസിപ്പൽ ഓഫീസിനു മുന്നിൽ സമരക്കാരെ തടയാൻ ശ്രമിച്ച പോലീസിനെ തള്ളിമാറ്റി കൗണ്‍സിൽ ഹാളിൽ പ്രവേശിച്ച പ്രവർത്തകർ കൗണ്‍സിലറെയും നഗരസഭ ജീവനക്കാരനെയും കൈയേറ്റം ചെയ്തു. ഡിവൈഎഫ്ഐ , എസ്എഫ്ഐ പ്രവർത്തകർ നഗരസഭ ഓഫീസിലേയ്ക്ക് നടത്തിയ മാർച്ചിനെ പോലീസ് പ്രതിരോധിച്ചെങ്കിലും സംഘടിച്ചെത്തിയ പ്രവർത്തകർ പോലീസിനെ തള്ളിമാറ്റി നഗരസഭ പ്രവേശന കവാടത്തിന്റെ ഗ്രില്ലു തകർത്ത് അകത്തു കടന്നു.
തടയാൻ ശ്രമിച്ച തൊടുപുഴ സിഐക്കും വനിതാ പോലീസ് ഉൾപ്പെടെയുള്ള പോലീസുകാർക്കും മർദ്ദനമേറ്റു. സിഐയുടെ ഷർട്ടിന്റെ ബട്ടണുകൾ സമരക്കാർ വലിച്ചു പൊട്ടിക്കുകയും ചെയ്തു.കൗണ്‍സിൽ യോഗം നടക്കുന്ന ഹാളിലേക്ക് ഇരച്ചു കയറിയ പ്രവർത്തകർ പിന്നീട് ഇവിടെ അക്രമം നടത്തുകയായിരുന്നു. ചെയർപേഴ്സന്റെ ഡയസിന് മുന്നിലേയ്ക്കെത്തിയ പ്രവർത്തകർ മൈക്ക് പിടിച്ചെടുക്കുകയും കേബിളുകൾ വലിച്ചു പറിച്ച് എറിയുകയും മേശപ്പുറത്തെ ചില്ല് തകർക്കുകയും ചെയ്തു.
ഇതിനെ ചോദ്യം ചെയ്ത യുഡിഎഫ് കൗണ്‍സിലർമാരുമായി വാക്കേറ്റമുണ്ടാകുകയും സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു. നഗരസഭയുടെ ചരിത്രത്തിലാദ്യമായാണ് കൗണ്‍സിൽ ഹാളിൽ അക്രമം നടക്കുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങൾ ചെയർപേഴ്സണ്‍ ജെസി ആന്റണിയുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി പോലീസ് സ്റ്റേഷനിലെത്തി. ബിജെപി അംഗങ്ങളും ഇവർക്കൊപ്പം ചേർന്നു.
അക്രമം നടത്തിയവർക്കെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്ത് അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ഇവർ പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചു.രണ്ടര മണിക്കൂറോളം നീണ്ട സമരത്തിനൊടുവിൽ പ്രതികളെ 24 മണിക്കൂറിനകം അറസ്റ്റു ചെയ്യാമെന്ന് ഡിവൈ എസ്പി ഉറപ്പു നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. സിഐയുടെ നേതൃത്വത്തിൽ മുനിസിപ്പൽ ഓഫീസിൽ തെളിവെടുപ്പു നടത്തി.