ഒറ്റപ്പെട്ട വീട്ടിലേയ്ക്ക് നിരവധി വാഹനങ്ങള്‍ സ്ഥിരമായി വന്നുപോയിരുന്നു! കോഴിക്കുരുതി ഉള്‍പ്പെടെയുള്ളവ നടത്തിയിരുന്നതായും സൂചന; തൊടുപുഴയിലെ കൂട്ടക്കൊല സംബന്ധിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ ഇവയൊക്കെ

മന്ത്രവാദം നടത്തിയിരുന്നു എന്നാരോപിക്കുന്ന കുടുംബനാഥനെയും ഭാര്യയെയും രണ്ടു മക്കളെയും വീടിനു സമീപത്തെ ചാണകക്കുഴിയില്‍ കൊന്നു കുഴിച്ചു മൂടിയതിന്റെ കാരണം ഇപ്പോഴും ഇരുള്‍ മറവില്‍. കൊലയാളികള്‍ കൊല്ലപ്പെട്ടവരുമായി അടുപ്പബന്ധമുളളവരാണെന്നാണ് പോലീസ് വാദം. സാഹചര്യത്തെളിവുകളുടെയും നാട്ടുകാരുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നത്. വാതിലുകള്‍ തകര്‍ത്തിട്ടില്ലെന്നതു കൃഷ്ണനു പരിചയമുള്ളവരാണ് അക്രമികളെന്ന സൂചന നല്‍കുന്നതായി പോലീസ് വ്യക്തമാക്കുന്നു.

വ്യക്തി വൈരാഗ്യമോ മന്ത്രവാദ കര്‍മങ്ങള്‍ പരാജയപ്പെട്ടതിന്റെ വൈരാഗ്യമോ മൂലമാണ് കൊലപാതകമെന്നാണു സംശയിക്കുന്നത്. അടുത്ത കാലത്ത് പൂജ പരാജയപ്പെട്ടതിന്റെ പേരില്‍ പോലീസില്‍ ചിലര്‍ പരാതി നല്‍കിയിരുന്നതായും പറയപ്പെടുന്നുണ്ട്. മൃതദേഹം കണ്ടെത്തിയ ദിവസം രാവിലെ നാട്ടുകാരും പോലീസും നടത്തിയ പരിശോധനയില്‍ വീടിന്റെ വാതില്‍ ചാരിയ നിലയിലായിരുന്നു.

അകത്തു കടക്കാന്‍ ബലം പ്രയോഗിച്ചതായി സൂചനയില്ല. വീട്ടില്‍ സ്ഥിരമായി വന്നിരുന്നവര്‍ ആരെങ്കിലുമാണോ സംഭവത്തിനു പിന്നിലെന്ന സാധ്യതയും പോലീസ് പരിശോധിക്കും. കാനാട്ട് വീട്ടില്‍ പൂജകള്‍ക്കായി ഒട്ടേറെപ്പേര്‍ വരിക പതിവായിരുന്നു.

നെല്‍ മണികള്‍ ഉപയോഗിച്ചു കണക്കുകൂട്ടിയാണ് കൃഷ്ണന്‍ പൂജകള്‍ നടത്തിയിരുന്നതെന്നും കോഴിക്കുരുതി ഉള്‍പ്പെടെ നടത്തിയിരുന്നതായും നാട്ടുകാര്‍ പറയുന്നു. ഒറ്റപ്പെട്ട വീട്ടിലേക്ക് ഒട്ടേറെ വാഹനങ്ങള്‍ സ്ഥിരമായി വന്നുപോയിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയാണ് വന്നിരുന്നതെന്നാണു നാട്ടുകാര്‍ പറയുന്നത്. കൃഷ്ണന്‍ അന്‍പതിനായിരം രൂപ വരെ പൂജ നടത്താന്‍ ഫീസ് വാങ്ങിയിരുന്നതായാണു വിവരം.

വാഗ്ദാനം ചെയ്ത പ്രയോജനം ലഭിക്കാതെ വന്നവരില്‍ ആരെങ്കിലുമാണോ കൃത്യത്തിനു പിന്നിലെന്നു പോലീസ് അന്വേഷിക്കുന്നുണ്ട്. പൂജയ്ക്കു വാഗ്ദാനം ചെയ്ത ഫലമുണ്ടാതിരുന്നതിനെ തുടര്‍ന്ന് 40,000 രൂപയോളം അടുത്തിടെ തിരിച്ചു നല്‍കേണ്ടി വന്നതായും സൂചനയുണ്ട്. പുറത്തു വിവിധ സ്ഥലങ്ങളില്‍ പോയും കൃഷ്ണന്‍ പൂജകള്‍ നടത്തിയിരുന്നു. ദുരൂഹതകള്‍ നിറഞ്ഞ പശ്ചാത്തലത്തിലാണ് കൊലപാതകം നടന്ന വണ്ണപ്പുറത്തെ വീട് സ്ഥിതി ചെയ്യുന്നത്.

മന്ത്രവാദം നടത്തുന്നതിന് വേണ്ടി സജ്ജമാക്കിയതുപോലെ വായുസഞ്ചാരമില്ലാതെ അടച്ചുകെട്ടിയ വീട്ടിലാണ് നാലംഗ കുടുംബം താമസിച്ചിരുന്നത്. വണ്ണപ്പുറം കമ്പകക്കാനത്ത് പ്രധാന റോഡില്‍ നിന്നു താഴേക്ക് നടപ്പാതയിലൂടെ സഞ്ചരിച്ചു വേണം കൊലനടന്ന കാനാട്ട് വീട്ടിലെത്താന്‍.

ഒറ്റപ്പെട്ട മേഖലയാണിത്. ഒരേക്കര്‍ സ്ഥലത്ത് റബറും കൊക്കോയും കൃഷി ചെയ്യുന്നുണ്ട്. പറമ്പിനു നടുവിലായാണു വീട്. ചുറ്റും റബറും മറ്റു മരങ്ങളും. തൊട്ടടുത്തെങ്ങും വീടുകളില്ല. പശു ഉണ്ടായിരുന്ന കാലത്ത് നിര്‍മിച്ച ചാണകക്കുഴിയിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്.

Related posts